സ്കൂൾ ഉച്ചഭക്ഷണ മെനു മാറ്റണമെങ്കിൽ കൂടുതൽ തുക അനുവദിക്കണം: കെപിഎസ്ടിഎ
1568618
Thursday, June 19, 2025 6:14 AM IST
കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ മെനു നടപ്പിലാക്കണമെങ്കിൽ ഉച്ചഭക്ഷണ തുക ഉടൻ വർധിപ്പിക്കണമെന്ന് കെപിഎസ് റ്റിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ,ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു.
പുതുക്കിയ മെനു അനുസരിച്ച് ഭക്ഷണം നൽകുന്നതിന് പുതുക്കിയ തുകയും ആവശ്യമാണ്. ഫ്രൈഡ് റൈസും ബിരിയാണിയും വിവിധതരം കറികളും ഉൾപ്പെടെ ഭക്ഷണം നൽകുന്നതിന് നിലവിൽ ലോവർ പ്രൈമറിക്ക് അനുവദിച്ചിട്ടുള്ളത് ആറു രൂപ 78 പൈസയാണ്.
ഈ തുക വച്ച് എങ്ങനെയാണ് ഇത്രയും വിശാലമായ ഉച്ചഭക്ഷണം നൽകുന്നത്. നിലവിൽ അനുവദിച്ചിട്ടുള്ള തുക പോലും മാസങ്ങളോളം കുടിശിക ആവുകയും ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന മുറയ്ക്ക് മാത്രം മൂന്നും നാലും മാസത്തെ കുടിശിക അനുവദിക്കുകയും ചെയ്യുന്ന സർക്കാർ കുട്ടികളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ഉച്ചഭക്ഷണ തുക വർധിപ്പിക്കാൻ തയാറാകണം.
ഉച്ചഭക്ഷണ വിതരണത്തിനു വേണ്ടി പ്രഥമാധ്യാപകർ പണം പിരിക്കാൻ ഇറങ്ങണമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ല. അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കുക എന്നുള്ളതാണ്, പണപ്പിരിവല്ല. മതിയായ തുക അനുവദിക്കാത്ത പക്ഷം ഇപ്പോൾ പ്രഖ്യാപിച്ച മെനു നടപ്പിലാക്കാൻ കഴിയില്ല എന്ന് സർക്കാരിന് ഒഴികെ മറ്റെല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
വളരെക്കാലം മുമ്പ് കഞ്ഞിയും പയറും നൽകിയിരുന്ന കാലഘട്ടത്തിൽ 500 കുട്ടികൾക്ക് ഒരു പാചകക്കാരിയാണ് ഉണ്ടായിരുന്നത്. ചോറ്, ഒഴിച്ചു കറി, കൂട്ടുകറി, പാൽ ഇത്രയും ഒരു ദിവസം 500 കുട്ടികൾക്ക് പാചകം ചെയ്യാൻ ഇപ്പോഴും ഒരു പാചക തൊഴിലാളിയാണുള്ളത്. ഒരാളെ കൊണ്ട് ഇത്രയും സാധനങ്ങൾ 500 കുട്ടികൾക്ക് പാചകം ചെയ്തുകൊടുക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്. അതിനാൽ അടിയന്തരമായി നൂറു കുട്ടികൾക്ക് മുകളിൽ രണ്ട് പാചക തൊഴിലാളികളെ അനുവദിക്കാൻ സർക്കാർ തയാറാകണം.
ഏറ്റവും പുതിയ ഉത്തരമനുസരിച്ച് ലോവർ പ്രൈമറിക്ക് ആറു രൂപ 78 പൈസയും യു പി വിഭാഗത്തിന് 10 രൂപ 17 പൈസയും ആണ്.
പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം അടക്കമുള്ള ചെലവുകൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള തുക തികച്ചും അപര്യാപ്തമാണ്. അതിനാൽ പുതിയ മെനു നടപ്പിലാക്കണമെങ്കിൽ അടിയന്തരമായി മതിയായ തുക അനുവദിക്കണമെന്നും ചെലവിനുള്ള പണം മുൻ സർക്കാരിന്റെകാലത്തേതു പോലെ മുൻകൂറായി അനുവദിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.