പി.കെ. തമ്പി പത്രപ്രവർത്തന മൂല്യബോധത്തിന്റെ പ്രതീകം: ഡോ. പി.കെ.ഗോപൻ
1568619
Thursday, June 19, 2025 6:14 AM IST
കൊല്ലം: പത്രപ്രവർത്തന മൂല്യബോധത്തിന്റെ പ്രതീകമായിരുന്നു പി .കെ .തമ്പിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ .ഗോപന്.
പത്രത്തിന് വിധേയത്വം മാനേജ്മെന്റിനോടല്ല മറിച്ച് വായനക്കാരനോടാണ് എന്ന് കരുതിയിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പി .കെ .തമ്പി. മാധ്യമ പ്രവർത്തകർക്ക് അദ്ദേഹം വഴികാട്ടിയായിരുന്നു. പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്തകൾ വായനക്കാരിൽ എത്തിക്കുക എന്നതിനോടൊപ്പം ഭാഷയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്കുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും പി .കെ .ഗോപന് പറഞ്ഞു.ഒരിക്കലും അസ്തമിക്കാത്ത ഒരു കാലഘട്ടമായി പി .കെ. തമ്പി ഇന്നും നിലനിൽക്കുന്നതായും പത്രപ്രവർത്തനം ഒരു കർമമായല്ല യജ്ഞമായി കണ്ട വ്യക്തിയായിരുന്നു പി .കെ .തമ്പിയെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ. രാജന് ബാബു പറഞ്ഞു.
പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡി .ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനല്‍ ഡി പ്രേം , ട്രഷറര്‍ കണ്ണന് നായര്‍ എന്നിവർ പ്രസംഗിച്ചു.