പഠനോപകരണ വിതരണത്തിലെ അഴിമതി: പഞ്ചായത്ത് അസി.സെക്രട്ടറിയെ ഉപരോധിച്ചു
1568621
Thursday, June 19, 2025 6:14 AM IST
കുണ്ടറ : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ബിജെപിഅംഗങ്ങൾ ഉപരോധിച്ചു.
അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യാപകമായ പണപ്പിരിവ് നടന്നത് അന്വേഷിക്കണമെന്നും കാട്ടി പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പില്‍ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പോസ്റ്റിട്ടിരുന്നു.
കെ സ്മാര്ട്ടില് നല്കിയ പരാതിയുടെ കോപ്പിയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിലെ തന്നെ അംഗം പോസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പരാതി വിജിലന്‍സിന് കൈമാറണമെന്നാണ് ബിജെപി യുടെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കമ്മിറ്റി കൂടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും സെക്രട്ടറി തള്ളുകയായിരുന്നുവെന്ന് ബിജെപി മെമ്പർമാര്‍ ആരോപിച്ചു.
ഉപരോധ സമരം പഞ്ചായത്തംഗം ഇടവട്ടം വിനോദ്ഉദ്ഘാടനംചെയ്തു.അംഗങ്ങളായ സുനില്‍കുമാര്‍, ശ്രുതി, രമ്യ,സ്വപ്ന, വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചാലുംമൂട് എ എസ് ഐ ശിഹാബുദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു .