ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ എബിസി സെന്റർ
1568865
Friday, June 20, 2025 6:07 AM IST
കോൺഗ്രസ് ഉപരോധ സമരം നടത്തി
കൊട്ടിയം : നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും എബിസി സെന്റർ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്തതിനെതിരേ കോൺഗ്രസ് പ്രവർത്തകർ അടച്ചിട്ടിരിക്കുന്ന എബിസി സെന്ററിൽ റീത്ത് വെച്ച് പ്രതിഷേധിക്കുകയും മൃഗാശുപത്രിയിലെ ഡോക്ടറെ ഉപരോധിക്കുകയും ചെയ്തു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി റീത്ത് വെയ്ക്കലും ഉപരോധ സമരവും നടത്തിയത്.
കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനമായെത്തിയാണ് പുന്തല ത്താഴം മുഗാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷാജി റഹുമാനെ ഉപരോധിച്ചത്. എബിസി കേന്ദ്രം എന്നു തുറക്കുമെന്ന കാര്യത്തിൽ ഉറപ്പു ലഭിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
തുടർന്ന് മെഡിക്കൽ ഓഫീസറും പ്രതിഷേധത്തിന് നേതൃത്വം നൽകിയവരും ജില്ലാ ഓഫീസറുടെ ചാർജുള്ള ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടുകയും എബിസി സെന്റർ തുറന്നു പ്രവർത്തിക്കുവാൻ ആവശ്യ മായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു.
കെട്ടിട ഉദ്ഘാടനം നിർവഹിച്ച മേയർ തന്നെ ഇതു തുറന്നു പ്രവർത്തിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ആവശ്യപ്പെട്ടു. അയത്തിൽ നിസാം റീത്ത് വെക്കലിന് നേതൃത്വം നൽകി.
മണ്ഡലം പ്രസിഡന്റ് അസീമുദീൻ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ, ഷാജിപറിങ്കിമാംവിള, സുരേന്ദ്രനാഥ്,ഫൈസൽ അയത്തിൽ, നാസിം കട്ടവിള, സിയാദ് അയത്തിൽ, ഹാരിസ് കട്ടവിള ,സജീവ് സവാജി, നാസ്സർ, ഷെമീർ, എന്നിവർ നേതൃത്വം നൽകി.
പുന്തലത്താഴത്തെ സർക്കാർ മൃഗാശുപത്രി വളപ്പിലാണ് കോർപറേഷൻ ലക്ഷങ്ങൾ മുടക്കി തെരുവ് നായകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ഇതിന്റെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. എങ്കിലും ഇത് തുറന്നു പ്രവർത്തിപ്പിക്കാനുള്ള യാതൊരു നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ല.കോർപറേഷൻ പ്രദേശത്ത് പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴാണ് പുന്തലത്താഴത്തെ എബിസി സെന്റർ കാടുകയറി അടഞ്ഞുകിടക്കുന്നത്.ശീതീകരിച്ച ഓപറേഷൻ തിയറ്ററും മറ്റു സംവിധാനങ്ങളും ഇവിടെ നിലവിലുണ്ട്.ഡോക്ടർക്കുള്ള വിശ്രമമുറിയും സ്റ്റാഫുകൾക്കുള്ള മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഓപറേഷൻ തിയറ്ററിലേക്ക് ആവശ്യമായ സാധന സാമഗ്രികളും നായകളെ സൂക്ഷിക്കുന്നതിനുള്ള കൂടുകളുമാണ് ഇനി ഇവിടേക്ക് ആവശ്യമുള്ളത്.കഴിഞ്ഞ ഏതാനും വർഷം മുമ്പ് വരെ ഇവിടെപഴയ കെട്ടിടത്തിൽ നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
എബിസി സെന്റർ തുറന്നു പ്രവർത്തിപ്പിക്കണമെങ്കിൽ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി ആവശ്യമാണ്. നിലവിൽ മേയർ അംഗമായ ഈ ബോർഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയെങ്കിൽ മാത്രമേ ഇത് തുറന്നു പ്രവർത്തിക്കുവാൻ കഴിയുകയുള്ളു.
ഇതിനായുള്ള നടപടികൾ നടന്നുവരികയാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് അനാഥമായി കിടക്കുന്ന ഈ കെട്ടിടത്തിന് മുന്നിൽ കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
ഇതിനടുത്തായുള്ള ഹയർ സെക്കൻഡറി സ്കൂളിന് സമീപം തമ്പടിക്കുന്ന തെരുവുനായ്ക്കൾ സ്കൂളിൽ വരുന്ന വിദ്യാഥികൾക്കും ഭീഷണിയായിട്ടുണ്ട്. ഈ ഭീഷണി നിലനിൽക്കുമ്പോഴാണ് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തേണ്ട കേന്ദ്രം അടഞ്ഞു കിടക്കുന്നത്.