നീണ്ടകര, ചവറ, പന്മന തീരദേശമേഖലകളിലെ പുലിമുട്ട് നിർമാണം വാഗ്ദാനത്തിൽ ഒതുങ്ങി
1568872
Friday, June 20, 2025 6:07 AM IST
വർഗീസ് എം. കൊച്ചുപറമ്പിൽ
ചവറ: നീണ്ടകര, ചവറ, പന്മന പഞ്ചായത്തുകളുടെ കടൽ തീരദേശ മേഖലകളെ സംരക്ഷിക്കുവാൻ അടിയന്തരമായി ശാസ്ത്രീയമായി പുലിമുട്ട് നിർമിച്ച് പരിഹാരം കാണണമെന്ന പ്രദേശവാസി കളുടെ ആവശ്യം നിറവേറാത്ത സ്വപ്നമായി ശേഷിക്കുകയാണ്.
കടൽക്ഷോഭത്തിൽ ശക്തമായ തിരമാലകൾ തീരത്തെ കവർന്നു കൊണ്ടുപോകുന്ന സ്ഥിതി തുടരുകയാണ്. ഇതിന് ഒരു പരിഹാരമായിട്ടാണ് പുലിമുട്ട് നിർമാണം വർഷങ്ങളായി പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു വരുന്നത്. എന്നാൽ ഇത് നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാറിമാറി വരുന്ന സർക്കാരുകൾ ഇതിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
ശാസ്ത്രീയമായി പുലിമുട്ട് നിർമിച്ചില്ലായെങ്കിൽ നീണ്ടകര ,ചവറ ,പന്മന പഞ്ചായത്തുകളുടെ തീരങ്ങൾ അപ്രത്യക്ഷമാവുകയും ഇവിടെ തീരദേശത്തെ വീടുകൾ ഇല്ലാതാവുകയും ചെയ്യും.
വീടുകൾക്ക് പുറമെ തീരദേശ മേഖലയിൽ നീണ്ടകര താലൂക്ക് ആശുപത്രി ,നീണ്ടകര പുത്തൻതുറ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ, കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരി, കോവിൽതോട്ടം പള്ളി, സെമിത്തേരി, കോവിൽത്തോട്ടം ലൈറ്റ് ഹൗസ് , പൊന്മനാ കാട്ടിൽ മേക്കതിൽ ക്ഷേത്രം തുടങ്ങിയവ ശാസ്ത്രീയമായി കരകൾ സംരക്ഷിച്ചില്ലായെങ്കിൽ കാലക്രമേണ അപ്രതീക്ഷിതമാവും.
നീണ്ടകര മുതൽ പൊന്മന വരെ പുലിമുട്ട് സ്ഥാപിക്കുവാൻ സർക്കാർ, ഐആർ ഇ, കെഎംഎംഎൽ കമ്പനികൾ നേരത്തെ മുന്നോട്ടു വന്നതായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതികൾ നടപ്പിലാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കരാറുകാരുടെ അശാസ്ത്രീയമായ മൈനിംഗും തീരശോഷണത്തിന് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കടൽക്ഷോഭം തുടർന്നുകൊണ്ടിരുന്നാൽ പന്മന, ചവറ, നീണ്ടകര പഞ്ചായത്തുകളിലെ തീരദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കും . ശാസ്ത്രീയമായി പുലിമുട്ട് നിർമിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് വർഷങ്ങളായി അധികൃതരുടെ മേശയിൽ വിശ്രമിക്കുകയാണ്.
തീരവും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും സർക്കാരിന്റെയും കമ്പനികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പുലിമുട്ട് എന്ന ആവശ്യം വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ് . എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ ഭാഗത്തെ പുലിമുട്ടുകൾ ഒഴിവാക്കുകയാണോ എന്നാണ് പ്രദേശവാസികൾക്ക് സംശയം.
ചിലയിടങ്ങളിൽ പാറകൾ പേരിന് ഇടുന്നെങ്കിലും വീതി കുറച്ച് ഇടുന്നതിനാൽ തിരമാലകൾ അടിക്കുമ്പോൾ പാറയ്ക്കു താഴെയുള്ള മണ്ണുകൾ ഒലിച്ചുപോവുകയും ഇതോടെ പാറകൾ കടലിലേക്ക് പോവുകയും ചെയ്യുന്നു. മൂന്നു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിമുട്ടുകൾ ഇട്ടാൽ ഒരു പരിധി വരെ ശക്തമായ തിരമാലകളെ നിയന്ത്രിച്ചു കരയെ സംരക്ഷിക്കുവാൻ കഴിയുമെന്നാണ് പ്രദേശത്തെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പറയുന്നത്. പുലിമുട്ട് നിർമാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.