ചാത്തന്നൂർ ജംഗ്ഷനിൽ ജൂലൈ മുതൽ പുതിയ ഗതാഗത സംവിധാനം
1568875
Friday, June 20, 2025 6:13 AM IST
ചാത്തന്നൂർ : ദേശീയപാത വികസന പ്രവർത്തനങ്ങളെ തുടർന്നു ചാത്തന്നൂർ ജംഗ്ഷനിൽ ജൂലൈ ഒന്നു മുതൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പഞ്ചായത്ത് ഓഫീസിൽ നടന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം.ഗതാഗത പരിഷ്കരണ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിലെ അടിപ്പാതയ്ക്കു സമീപം ദേശീയപാതയിൽ നിന്നുംസമീപത്തെ ഹോട്ടലിനു മുന്നിലെ റോഡിലേക്കുള്ള പ്രവേശനം നിരോധിച്ചു.
പകരം വാഹനങ്ങൾ ചാത്തന്നൂർ കുമ്മല്ലൂർ റോഡിലേക്ക് പ്രവേശിക്കണം. മേലേവിള ഭാഗത്തു നിന്നും ചാത്തന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗവ. സ്കൂളിന് മുന്നിലെ റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. രണ്ടു റോഡുകളിലും വാഹന പാർക്കിംഗ് നിരോധിച്ചു.
രണ്ട് റോഡുകളിലും ജൂലൈ ഒന്നു മുതൽ വൺവേ സംവിധാനം ആയിരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി, മീനാട് വില്ലേജ് ഓഫിസർഎസ്.സുനിൽകുമാർ,
പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ എം. പ്രിയങ്ക, ഇൻസ്പെക്ടർ വി.വിനു.എ. ഷാജഹാൻ, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ചാത്തന്നൂർ വികസന സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.