ലാൻഡ് ഫോണിന് വിട : മൊബൈൽ ഫോണുമായി കെഎസ്ആർടിസി
1569133
Saturday, June 21, 2025 5:58 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ലാൻഡ് ഫോണിനോട് വിട പറയുന്നു. ഇനി യൂണിറ്റുകളിലെയും ഓപ്പറേഷൻ സെന്ററുകളിലെയും സ്റ്റേഷൻ മാസ്റ്റർ മാർക്ക് മൊബൈൽ ഫോൺ മാത്രം. ബിഎസ്എൻ എല്ലിന്റെ സിം കാർഡാണ് സ്റ്റേഷൻ മാസ്റ്റർ മാർക്ക് നൽകുന്നത്.
എന്നാൽ സ്റ്റേഷൻ മാസ്റ്റർമാർക്ക് മുകളിലുള്ള ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എടിഒ , ഡിറ്റി ഒ തസ്തികയിലുള്ളവർക്ക് മൊബൈൽ അനുവദിച്ചിട്ടില്ല.കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിലും ഓഫിസുകളിലും ഉപയോഗിച്ചിരുന്ന ലാൻഡ് ഫോണ്‍ സംവിധാനം ജൂലൈ ഒന്ന് മുതല്‍ ഔദ്യോഗികമായി പിന്‍വലിക്കുകയാണ്. ഇനി മുതല്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
ദിവസങ്ങള്‍ക്ക് മുമ്പാണ് കെഎസ്ആര്‍ടിസിയുടെ കണ്ട്രോള് റൂമിലേക്ക് മന്ത്രി കെ. ബി. ഗണേശ് കുമാര്‍ വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ഒൻപത് പേരെ സ്ഥലം മാറ്റിയത്. ആരു വിളിച്ചാലും കണ്ട്രോള് റൂമിലുള്ളവര്‍ ഫോണെടുക്കില്ലെന്ന് മന്ത്രി ഗണേശ്കുമാറിന് പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ ഫോണ്‍വിളി ഉണ്ടായത്.
കെഎസ്ആര്‍ടിസിയുടെ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബന്ധപ്പെടുന്നതിനായി മൊബൈല്‍ ഫോണും ഔദ്യോഗിക സിം അടക്കം അനുവദിച്ചാണ് ഉത്തരവിറിക്കിയിരിക്കുന്നത്.
എല്ലാ യൂണിറ്റ് അധികാരികളും മൊബൈല്‍ ഫോണുകള്‍ ഔദ്യോഗിക ആവശ്യത്തിനായി മാത്രം ഉപയോഗിക്കണമെന്നും ഈ മൊബൈല്‍ നമ്പര്‍ പൊതുജനങ്ങള്‍ കാണുന്ന തരത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കാലാകാലങ്ങളായി ലാൻഡ് ഫോണുകള്‍ നിരന്തരം തകരാറിലാവുകയാണ്.
പല ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരും വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ല, ഫോണ്‍ തകരാറിലാണ് തുടങ്ങിയ മറുപടികളായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. മൊബൈല്‍ ഫോണിലേക്ക് മാറുന്നതോടെ ഇതിന് പരിഹാരമാകുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
കൂടാതെ മൊബൈല്‍ ഫോണ്‍ ഏര്‍പ്പെടുത്തുന്നതോടെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് ഒരു പരിധിവരെ ആശ്വാസമുണ്ടാകും. മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതോടെ സ്റ്റേഷന് മാസ്റ്റര്‍ക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഫോണ്‍ എടുത്തില്ലെങ്കില്‍ പണി കിട്ടുക അതത് യൂണിറ്റുകളിലെ സ്റ്റേഷന് മാസ്റ്റര്‍മാർക്കായിരിക്കും. ലാന്‍ഡ് ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനുമാകും. എന്നാൽ ലാൻഡ് ഫോൺ വിവിധ സെക്ഷനുകളിലേയ്ക്ക് എക്സ്റ്റൻഡ് ചെയ്യാമായിരുന്നു.
ആ സൗകര്യം നഷ്ടപ്പെടുകയാണ്. എടി ഒയും ഡിടി ഒയും അസിസ്റ്റന്റ് എൻജിനിയർമാരും ഡിപ്പോ എൻജിനിയർ സൂപ്രണ്ടുമാരുമൊക്കെ ഇനി സ്വന്തം ഫോണിൽ ഔദ്യോഗിക കാര്യങ്ങൾക്ക് മേലധികാരികളെ വിളിക്കേണ്ടി വരും.