കളക്ടറേറ്റ് വളപ്പിൽ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം; റിമാൻഡിലായവര്‍ക്ക് ജാമ്യം
1569135
Saturday, June 21, 2025 5:58 AM IST
കൊല്ലം: കളക്ടറേറ്റ് വളപ്പിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതി െന്റ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിമാന്റിലായ പള്ളിക്കല്‍ സ്വദേശി സിദ്ദീഖ്(36), കടയ്ക്കല്‍ സ്വദേശി ഷെമീന (33) എന്നിവര്‍ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ഇവരുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയാറാകാതെ വന്നതോടെ ലീഗല്‍ സര്‍വിസ് അഥോറിറ്റി മുഖേന ജയില്‍ സൂപ്രണ്ടിന് അപേക്ഷ നൽകുകയായിരുന്നു. ജയില്‍ സൂപ്രണ്ട് മജിസ്ട്രേറ്റിന് നല്കിയ അപേക്ഷ അനുസരിച്ച് ഇന്നലെ രാത്രി ഏഴോടെ ഇരുവര്‍ക്കും മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
ഏഴ് ദിവസത്തിനുള്ളിൽ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ നൽകണമെന്നും മജിസ്ട്രേറ്റ് നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി കളക്ടറേറ്റ് വളപ്പിൽ അഭിഭാഷകരും ആർടി ഓഫിസിലേക്ക് വന്നവരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ സിദ്ധിഖ്, ഷെമീന അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാർ എന്നിവർക്ക് പരുക്കേറ്റിരുന്നു.
ഇരുകൂട്ടരുടേയും പരാതിയിൽ വെസ്റ്റ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ സിദ്ധിഖിനേയും ഷെമീനയേയും മാത്രം പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
ഇവരുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയാറാവുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കിയിട്ടില്ലെന്നാണ് ബാര്‍ അസോസിയേഷന് ഭാരവാഹികൾ പറയുന്നത്.