നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി
1569137
Saturday, June 21, 2025 5:58 AM IST
കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ കക്കാഷാൻ എന്നറിയപ്പെടുന്ന ഷാന്‍(28) ആണ് കരുതല്‍ തടങ്കലിലായത്.
2019 മുതൽ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 11 ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാലാകാലങ്ങളില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്ന പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത്.
വ്യക്തികള്‍ക്ക് നേരെയുള്ള കൈയേറ്റം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൊലപാതക ശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എൻ.ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.