പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ അവസ്ഥ ദയനീയം
1569141
Saturday, June 21, 2025 5:58 AM IST
പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ കലാ-സഹിത്യ- സാംസ്കാരിക-കേന്ദ്രമായിരുന്ന കല്ലുവാതുക്കല്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാള്‍ നാശത്തിന്റെ വക്കിൽ. പാരിപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന കമ്യുണിറ്റി ഹാള്‍ പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലാണ്.
കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് ഇന്റീരിയർ ഉള്‍പ്പെടെ പുതുക്കിപ്പണിയുകയും പുതിയ രീതിയിലുള്ള ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇതെല്ലാം വൃത്തിയായും കൃത്യതയോടെയും സംരക്ഷിക്കാത്തതിനെ തുടർന്ന് എല്ലാം നശിച്ച നിലയിലാണ്.
ഓഡിറ്റോറിയത്തില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കും മറ്റും പാചകം ചെയ്യുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്ന പാത്രങ്ങളും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉപകരണങ്ങള്‍ എല്ലാം തന്നെ സാമൂഹ്യവിരുദ്ധരും ആക്രിക്കാരും കവർന്നുകൊണ്ടു പോയി. വിവരം പഞ്ചായത്ത് അതികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
വൈദ്യുതി ഉപകരണങ്ങള്‍ പോലും നഷ്്ടപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളിന്റെ ശോച്യാവസ്ഥയ്ക്കെതിരേ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ്.
ഹൈവേ വികസന ഭാഗമായി കമ്യുണിറ്റി ഹാളിന്റെ ഭാഗം പൊളിച്ചുമാറ്റി. മതില് കെട്ടിയ ഫൗണ്ടേഷൻ പൊളിച്ച് 25ഓളം ലോഡ് പാറയാണ് ഒരു രൂപ പോലും പഞ്ചായത്തിന് നല്‍കാതെ കടത്തിക്കൊണ്ട് പോയതെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്. വിജയൻ പറഞ്ഞു.