കിണറ്റുമുക്ക് വലിയ വളവിൽ അപകടങ്ങളേറുന്നു
1569152
Saturday, June 21, 2025 6:13 AM IST
മടത്തറ : മടത്തറയ്ക്ക് സമീപത്തെ കിണറ്റുമുക്ക് വലിയ വളവിൽ അപകടങ്ങളേറുന്നു. ചെറുതും വലുതുമായി അടുത്തിടെ മാത്രം നടന്നത് 12 അപകടങ്ങള്‍. കഴിഞ്ഞദിവസം പുലര്‍ച്ചെ തമിഴ്നാട് നിന്നും മാമ്പഴവുമായി എത്തിയ പിക് അപ്പ് വാഹനം മറിഞ്ഞുണ്ടായതാണ് ഒടുവിലത്തെ അപകടം.
വളവില്‍ പ്രധാന പാതയില്‍ നിന്നും വാഹനം മറിഞ്ഞുവെങ്കിലും അധികം താഴ്ചയിലേക്ക് പോകാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം.
കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ വാഹനം മറിഞ്ഞിരുന്നു. സ്വകാര്യ വ്യക്തിയുടെ റബര്‍ പുരയിടത്തിലേക്കാണ് വാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിയുന്നത്.
മരങ്ങളില്‍ തട്ടി നില്‍ക്കുന്നതിനാലാണ് കൂടുതല്‍ താഴ്ചയിലേക്ക് മറിയാതെ വലിയ അപകടങ്ങള്‍ ഒഴിവാകുന്നത്.
ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാ സൂചകങ്ങളോ ബാരിക്കേഡുകളോ ഇവിടെയില്ല. കൂടുതലും അപകടത്തില്‍പ്പെടുന്നത് തമിഴ്നാട് ഉള്‍പ്പടെ ഇതരസംസ്ഥാനത്ത് നിന്നും എത്തുന്ന വാഹനങ്ങളാണ്. റോഡിലെ പരിചയക്കുറവും ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
ഇതോടൊപ്പം സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെട്ടു സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലാത്ത പക്ഷം വലിയ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.