വിദ്യാർഥികൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ദീപികയുടെ ആദരം
1569352
Sunday, June 22, 2025 6:04 AM IST
കൊല്ലം: ഉന്നത പഠന രംഗത്ത് വിദ്യാർഥികൾക്ക് പുത്തൻ പ്രതീക്ഷകളും മാർഗ നിർദശങ്ങളും പകർന്നു നൽകി ദീപികയുടെ ആദരം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് മെഡലും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്. കൊല്ലം സെന്റ്ജോസഫ് കോൺവന്റ് എച്ച്എസ്എസിൽ നടന്ന ചടങ്ങ് ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ യുവത്വമായിരിക്കും നാളെ ലോകത്തെ നയിക്കുകയെന്ന് എംഎൽഎ പറഞ്ഞു.
ഇതിന് ലക്ഷ്യബോധത്തോടെയുള്ള പഠനം മാത്രം പോര. പുതിയ കണ്ടുപിടിത്തങ്ങളും ഇവരുടെ ചിന്തകളിൽ നിന്ന് ഉരുത്തിരിയണം. അത് രാജ്യത്തിന്റെ പുരോഗതിക്കും അനിവാര്യമാണ്.
വാർത്തകൾ വക്രീകരിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ ഉള്ളടക്കത്തിൽ ശുദ്ധിയും തനിമയും നിലനിർത്തി മുന്നോട്ടു പോകുന്ന പത്രമാണ് ദീപിക. വിശ്വാസ്യതയും നിഷ്പക്ഷതയുമാണ് ദീപികയുടെ മുഖമുദ്രയെന്നും എംഎൽഎ വ്യക്തമാക്കി.
വിദ്യാർഥികൾ പരീക്ഷകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ അധ്യാപകർ, രക്ഷിതാക്കൾ അടക്കം അനേകം പേരുടെ അധ്വാനത്തിന്റെ ഫലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ പറഞ്ഞു.
മികച്ച വിജയത്തിലൂടെ ഇവർ സമൂഹത്തിന് നൽകിയ സന്ദേശം നിലനിർത്താൻ ഇത്തരം ആദരിക്കൽ ചടങ്ങുകൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്വപ്നങ്ങൾ സ്വന്തം അഭിരുചിക്കനുസരിച്ചും കഠിന പ്രയത്നത്തിലൂടെയും സാക്ഷാത്കരിക്കാൻ കുട്ടികൾക്ക് ദീപിക നൽകുന്ന ആദരവ് മുതൽകൂട്ടാവുമെന്ന് ആശംസകൾ അർപ്പിച്ച് പ്രസംഗിച്ച കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഇടവക വികാരി ഫാ. റൊമാൻസ് ആന്റണി പറഞ്ഞു.
ദീപിക കൊല്ലം രൂപത കോർഡിനേറ്റർ ഫാ.ലാസർ എസ്. പട്ടകടവ്, സെന്റ് ജോസഫ് കോൺവന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചലീന, ദീപിക കൊല്ലം സർക്കുലേഷൻ ഏരിയാ മാനേജർ സുധീർ തോട്ടുവാൽ, സീനിയർ സബ് എഡിറ്റർ രാജീവ് ഡി. പരിമണം എന്നിവർ പ്രസംഗിച്ചു. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ ,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചലീനയ്ക്ക് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.
മാർത്താണ്ഡം മാർ അപ്രേം കോളജ് ഒഫ് എൻജിനിയറിംഗ് ആന്ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും നടന്നു.