യുഡിഎഫ് പദ്ധതികൾ എൽഡിഎഫിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല: ഷിബു ബേബി ജോൺ
1569353
Sunday, June 22, 2025 6:04 AM IST
ചവറ: യുഡിഎഫ് കൊണ്ടുവന്ന പല പദ്ധതികളും വികസനങ്ങളും കഴിഞ്ഞ ഒന്പത് വർഷമായി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ.
നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറുകോടിയുടെ പദ്ധതിയാണ് നീണ്ടകര താലൂക്ക് ആശുപത്രിക്കായി അന്ന് യുഡിഎഫ് സർക്കാർ കൊണ്ടുവന്നത്. എന്നാൽ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ഈ ആശുപത്രി കെട്ടിടം ഉൾപ്പെടെയുള്ള വികസനത്തിന് കൊണ്ടുവന്നത് 35 കോടി രൂപയാണ് .
ഇപ്പോൾ കെട്ടിടം ഉയർന്നിട്ടുള്ള സ്ഥലത്തെ കരിമണ്ണ് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളായഐആർഇക്കോ കെഎംഎംഎൽ കമ്പനിക്കോ നൽകിയിരുന്നുവെങ്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി ഇന്നിവിടെ ഉണ്ടായേനെ. എന്നാൽ ഖനനത്തെ എതിർത്തുകൊണ്ട് ആശുപത്രിയുടെ വികസനത്തിന് തടസം നിന്നിരുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു.
അശാസ്ത്രീയമായ തരത്തിലാണ് ഇപ്പോഴത്തെ ആശുപത്രി കെട്ടിടം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പലതവണ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്പത് വർഷം പിന്നിട്ടിട്ടും ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കെട്ടിട ഡിസൈനിൽ നാലു ഓപ്പറേഷൻ തിയറ്റർ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ നിർമിക്കുന്നത് രണ്ട് ഓപ്പറേഷൻ തിയറ്ററായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രി കെട്ടിടം ഇപ്പോൾ എങ്ങനെയെങ്കിലും ഇലക്ഷന് മുമ്പ് തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്യാനുള്ള പരിശ്രമത്തിലാണ് ചിലർ.ഇടതുപക്ഷ ഭരണം കേരളത്തിലെ സമസ്ത മേഖലകളെയും നിശ്ചലമാക്കിയിരിക്കുകയാന്നെന്നും ഷിബു ബേബിജോൺ പറഞ്ഞു.
ചടങ്ങിൽ ചവറ യുഡിഎഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് പി .രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.സുരേഷ് ബാബു, സന്തോഷ് തുപ്പാശേരി, ജസ്റ്റിൻ ജോൺ, സിപി സുധീഷ് കുമാർ, സോഫിയ സലാം ,ജെ .ആർ .സുരേഷ് കുമാർ, തങ്കച്ചി പ്രഭാകരൻ, ശ്രീകല, പന്മന ബാലകൃഷ്ണൻ, ഐ .ജയലക്ഷ്മി,
ചക്കിനാല് സനിൽ, വിഷ്ണു വിജയൻ, എം.എ .കബീർ, അരുൺ രാജ് , സി .ഉണ്ണികൃഷ്ണൻ, ഫ്രാൻസിസ് ജെ. നെറ്റോ ,ഗിരീഷ് , ജോസ് വിമൽരാജ്, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്തു.