എംസി റോഡില്‍ ഓട്ടത്തിനിടെ മിനി ബസ് കത്തിനശിച്ചു
1225966
Thursday, September 29, 2022 10:24 PM IST
അടൂര്‍: എംസി റോഡില്‍ ഓട്ടത്തിനിടെ മിനി ബസിനു തീ പിടിച്ചു. ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പത്തോടെ പുതുശേരിഭാഗം കത്തോലിക്ക പള്ളിക്കു സമീപമാണ് സംഭവം.
തിരുവല്ല സ്വദേശി ഷാജഹാന് കൊല്ലം അഞ്ചലില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിക്കൊണ്ടുവന്ന വാഹനമാണ് തീ പിടിച്ചത്. ഡ്രൈവര്‍ തിരുവല്ല കുറ്റൂര്‍ പാറയ്ക്കല്‍ റഷീദ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
മിനി ബസിന്റെ പിന്‍ഭാഗത്തുനിന്ന് ആദ്യം പുക ഉയരുകയും ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു. തീ പടരുന്നത് അപ്പോഴാണ് കണ്ടത്. വിവരമറിഞ്ഞ് അടൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. 13 ലക്ഷം രൂപയ്ക്കാണ് അഞ്ചല്‍ തടിക്കാട്ട് നിന്നും വാഹനം വാങ്ങിക്കൊണ്ടു വന്നത്.