വിശ്വാസ സംരക്ഷണയാത്ര ഇന്ന് ജില്ലയിൽ
1600090
Thursday, October 16, 2025 3:46 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും ആചാരലംഘനങ്ങള്ക്കുമെതിരേ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ മേഖലാ യാത്രകള്‍ക്ക് ഇന്നും നാളെയും പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന യാത്രക്ക് ഇന്ന് വൈകുന്നേരം അഞ്ചിന് കോന്നിയില്‍ സ്വീകരണം നല്‍കും. നാളെ രാവിലെ പത്തിന് ഇട്ടിയപ്പാറയിലും ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള ഐക്കര ജംഗ്ഷനിലും സ്വീകരണം നല്‍കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന് എംപി യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാളെ മൂന്നിന് തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. കോന്നിയിലെ സ്വീകരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
റാന്നിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ യും ആറന്മുളയില് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ യും തിരുവല്ലയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ കുര്യനും സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖല യാത്രയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് തൃത്താലയില്‍ നിന്നും ആരംഭിച്ച യാത്രയും നാളെ വൈകുന്നേരം അഞ്ചിന് ചെങ്ങന്നൂരിലെത്തും.
18 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങന്നൂരിലെ കാരക്കാട് നിന്നും വിശ്വാസ സംരക്ഷണ യാത്രകള്‍ സംയുക്തമായി പദയാത്രയായി പന്തളത്ത് സമാപിക്കും. പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സമാപന സമ്മേളനം.
എൽഡിഎഫ് പ്രതിഷേധയോഗം 18ന്
പത്തനംതിട്ട: ശബരിമലയുടെ മറവില്‍ കോൺഗ്രസ് നടത്തുന്ന അക്രമ സമരങ്ങൾക്കെതിരേ 18നു വൈകുന്നേരം നാലിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയിലാണ് പ്രതിഷേധ യോഗം നടക്കും.
യോഗം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും, മന്ത്രി വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കർ ചിറയം ഗോപകുമാർ മാത്യു ടി.തോമസ് എംഎൽഎ, കെ.യു. ജനീഷ് കുമാർ എംഎൽഎ പ്രമോദ് നാരായൺ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ കൺവീനർ അലക്സ് കണ്ണമല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.