കേരളം ഭരിക്കുന്നത് തിരുട്ടുസംഘം: പുതുശേരി
1599547
Tuesday, October 14, 2025 2:24 AM IST
ചാലാപ്പള്ളി : കേരളത്തിൽ തിരുട്ട് സംഘമാണ് ഭരണം നടത്തുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമ്പരപ്പിക്കുന്ന തരത്തിലുള്ള ശബരിമലയിലെ സ്വർണ മോഷണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. കോൺഗ്രസ് കൊറ്റനാട് മണ്ഡലം കമ്മിറ്റി ചാലാപ്പള്ളിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ കൊള്ള മറച്ചു പിടിക്കാനാണ് ഷാഫി പറമ്പിൽ എംപിക്കു നേരേ നടന്ന പോലീസ് അതിക്രമമെന്ന് പുതുശേരി പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആശീഷ് പാലയ്ക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി.കെ. മോഹൻരാജ് മുഖ്യ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സജി, എൻ. സുഗതൻ, ഷിബു കൂടത്തിനലിൽ, ജി. ഉണ്ണികൃഷ്ണൻ നായർ, ബാബു കൂടത്തിനാലിൽ സജി പള്ളിയാങ്കൽ, ജോബിൻ കോട്ടയിൽ, എം. സി. റോയ്, ശ്യം കൃഷ്ണൻ, പ്രമോദ് ചാലാപ്പള്ളി, ശ്രീവിദ്യ രാജേഷ്, സനോജ് കൊറ്റനാട് എന്നിവർ പ്രസംഗിച്ചു.