കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം എതനോ ബൊട്ടാണിക്കൽ ഗാർഡൻ തുറന്നു
1599298
Monday, October 13, 2025 4:00 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിൽ ആരംഭിച്ച എതനോ ബൊട്ടാണിക്കൽ ഗാർഡൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനികുമാർ ഉദ്ഘാടനം ചെയ്തു. എഴുപതു വർഷം പിന്നിടുന്ന ബോട്ടണി വകുപ്പിലെ ഹെർബേറിയം, ഇഞ്ചി സംരക്ഷണ കേന്ദ്രം എന്നിവ അന്താരാഷ്ര്ട തലത്തിൽ ശ്രദ്ധയാകർഷിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും സാമ്പത്തിക സഹായത്തോടെ കോളജിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്ന എതനോ ഔഷധ സസ്യത്തോട്ടം ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് മെംബർ ഡോ. പ്രിയ ദേവദേതും ഉദ്ഘാടനം ചെയ്തു.
ബോട്ടണി വകുപ്പ് അധ്യക്ഷൻ ഡോ. ബിനോയ് ടി. തോമസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് മുഖ്യസന്ദേശം നൽകി. ബോട്ടണി വിഭാഗത്തിലെ പൂർവ വിദ്യാർഥികളുടെ സാമ്പത്തിക സഹായത്തോടെ പുനരുദ്ധാരണം നടത്തിയ പ്ലാന്റ് നഴ്സറിയുടെ ഉദ്ഘാടനവും നടന്നു.
എതനോ ബൊട്ടാണിക്കൽസസ്യങ്ങളുടെ വിവരങ്ങൾ അടങ്ങിയ മാഗസിൻ പ്രകാശനം കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ നിർവഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം പ്രഫ.ഉമ്മൻ ജേക്കബ് നിർവഹിച്ചു. എതനോബൊട്ടാണിക്കൽ സെമിനാർ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഡോ. എം. നവാസ് നയിച്ചു.
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. വി.പി. തോമസ്, കെ.എസ്. ഹിമ, അലുമ്നി വൈസ് പ്രസിഡന്റ് ഡോ. മാത്യു ഡാൻ, സെക്രട്ടറി പി.ടി. റെജി, ജൈവവൈവിധ്യ ജില്ലാ കോഓർഡിനേറ്റർ അരുൺ സി. രാജൻ, സപ്തതി കോഓർഡിനേറ്റർ ഡോ. ഗോകുൽ ജി. നായർ, എ.എസ്. ദീപ്തി, നിഷ കെ. ജോസഫ്, ടിനു തോമസ് എന്നിവർ പ്രസംഗിച്ചു.
ബോട്ടണി വകുപ്പിന്റെ ഒരുവർഷം നീളുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഗാർഡൻ ഫെസ്റ്റിവലും സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ജിഞ്ചർ ഹൗസ്, എതനോ ബൊട്ടാണിക്കൽ ഗാർഡൻ, ഔഷധ സസ്യ ഗാർഡൻ, ഫേനറി, നഴ്സറി ഗാർഡൻ എന്നിവ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി തുറന്നു നൽകി.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു.
ജിഞ്ചർ ഹൗസ് വൈവിധ്യങ്ങളുടെ കലവറ
കേരളത്തിലെ വിവിധ മേഖലകളിൽനിന്നും ശേഖരിച്ച സസ്യങ്ങളിൽ കൂടുതലും ഔഷധ പ്രാധാന്യമുള്ളതാണ്. ആരോഗ്യപച്ച, മര മഞ്ഞൾ, കരി മഞ്ഞൾ, പൊൻകൊരണ്ടി, കുറപ്പുന്, കസ്തൂരി മഞ്ഞൾ, കോടാശേരി. വാതക്കൊടി തുടങ്ങിയ ഒട്ടനവധി സസ്യങ്ങൾ ശ്രദ്ധേയങ്ങളാണ്. കേരളത്തിലും വിദേശത്തും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നതും വിവിധ വനങ്ങളിൽ കാണപ്പെടുന്നതുമായ 200ലധികം ഇഞ്ചി വർഗ സസ്യങ്ങളെ സംരക്ഷിച്ചു വരുന്നു.
ഇഞ്ചിവർഗ സസ്യങ്ങളുടെ ബന്ധുക്കളായ ഏലം, മഞ്ഞൾ, ഇഞ്ചി പെരിയ ഏലം, കച്ചോലം, ചെങ്ങനീർ കിഴങ്ങ്, മഞ്ഞൾ, കരിമഞ്ഞൾ, ചിറ്റരത്ത, കോലിഞ്ചി, കൂവ തുടങ്ങിയ ഒട്ടനവധി മനുഷ്യന് ഉപയോഗമുള്ള സസ്യങ്ങളെയും അവയുടെ വന്യ ഇനങ്ങളെയും ഗവേഷണത്തിനായി പരിപാലിക്കുന്നു.
ഇഞ്ചി വർഗ സസ്യങ്ങൾ പ്രധാനമായി ഔഷധമായും സുഗന്ധവ്യഞ്ജനമായും ആഹാരത്തിനുമായാണ് ഉപയോഗിച്ചു വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ശാസ്ത്രലോകത്തെ പുതിയ സസ്യങ്ങളായ അമോമം ആൻഡമാനിക്കം, അമോമം അഗസ്ത്യമലയാനം, അമോമം സാഹയാദൃക്കം, അമോമം മിസോറാമൻസ് തുടങ്ങിയ സസ്യങ്ങളെയും ജിഞ്ചർ ഹൗസിൽ പരിപാലിച്ചു വരുന്നു.