റോഡിൽ വാഴ നട്ട് പ്രതിഷേധം
1598762
Saturday, October 11, 2025 3:18 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി -ചെങ്ങരൂർ റോഡിന്റെ തകർച്ചയിൽ സഹികെട്ടു വാഴവച്ച് പ്രതിഷേധം. തിരുവല്ല - കുന്നന്താനം - മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡിലെ കുണ്ടും കുഴികളും കാരണം ഗതാഗതം അസാധ്യമായ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം എം.എൽ.എ മാത്യു ടി. തോമസ് ബഡ്ജറ്റ് വർക്കായി പ്രഖ്യാപിച്ച റോഡാണിത്.
എന്നാൽ നാളിതുവരെയും ഒരു ഒരു പണിയും ഇവിടെ നടന്നില്ല.പലയിടങ്ങളിലും രൂപപ്പെട്ട അഗാധ ഗർത്തങ്ങളിലൂടെയുള്ള ദുരിതയാത്രയാണ് നാട്ടുകാർക്ക് വിധിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രകടനമായി എത്തിയ കേരളാ കോൺഗ്രസ് പ്രവർത്തകർ കുഴിയിൽ വാഴ വയ്ക്കുകയായിരുന്നു.പ്രതിഷേധസമരം കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 10 വർഷമായി തുടർച്ചയായി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ റോഡ് നന്നാക്കാൻ എംഎൽഎ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു.രണ്ടു സർക്കാരുകളുടെ ഭരണകാലാവധി പൂർത്തീകരിക്കാറായിട്ടും ഒന്നും ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പുതുശേരി പറഞ്ഞു.
പാർട്ടി മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു അധ്യക്ഷത വഹിച്ചു.ജയിംസ് കാക്കനാട്ടിൽ, വർഗീസുകുട്ടി മാമൂട്ടിൽ,സി. ജെ. കുര്യൻ, സണ്ണി ഫിലിപ്പ്, സജൻ പുതിയവീട്ടിൽ, ഇ. എം. ജോർജ്, സുരേഷ് സ്രാമ്പിക്കൽ, എലിസബത്ത് ആന്റണി, തങ്കമണി ഗോവിന്ദൻ, ഒ.എം. മാത്യു, ഉമ്മൻ ചാണ്ടപിള്ള, ഐപ്പ് പുലിപ്ര, സി.എ. ചാക്കോ, ബാബു നീരുവിലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പടിഞ്ഞാറേ കവലയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിനു ടി. കെ. മാത്യു, ടോണി പടിഞ്ഞാറെമണ്ണിൽ, സാബു മണ്ണഞ്ചേരി, കെ. ജെ. രാജൻ, കോശി ഫീലിപ്പോസ്, എം. കെ. മാത്യു, വർഗീസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.