തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഐപി വാർഡുകൾ തുറക്കണം
1598317
Friday, October 10, 2025 2:27 AM IST
കോന്നി: തണ്ണിത്തോട് സർക്കാർ ആശുപത്രിയിൽ ഐപി വാർഡുകൾ തുറക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ കിടത്തിച്ചികിത്സ നിലച്ചിട്ട് നാളേറെയായെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. തണ്ണിത്തോട് തേക്കുതോട് വനാന്തര മലയോര മേഖലയിലെ ഏക ചികിത്സാകേന്ദ്രമെന്ന പരിഗണന നൽകി ഇവിടെ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാവിലെ തുടങ്ങുന്ന ഒപി വിഭാഗം ഉച്ചയോടെ നിർത്തും. ഉച്ചകഴിഞ്ഞാൽ ചികിത്സയ്ക്കായി ഉൾപ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കോന്നിയിലെത്തേണ്ട സ്ഥിതിയാണ്. മറ്റു ചികിത്സാ സൗകര്യങ്ങളും തണ്ണിത്തോട്ടിൽ നിലവിലില്ല. ഇവിടെ മെച്ചപ്പെട്ട ചികിത്സാകേന്ദ്രമുണ്ടായാൽ ചിറ്റാർ സീതത്തോട് മേഖലകളിലെ ജനങ്ങൾക്കും ആശ്വാസമാകും. ഇവിടെ ഒപി വൈകുന്നേരം വരെയാക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ ഗ്രേഡ് 2 എന്നിവരുടെ ഒഴിവും നികത്തിയിട്ടില്ല.
സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ 2019-ലാണ് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ഇതോടെ രാവിലെ 9 മുതൽ 6 വരെ ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ടതാണ്. എന്നാൽ, തുടക്കത്തിൽ വളരെക്കുറച്ചു കാലം മാത്രമാണ് വൈകുന്നേരം വരെ ഡോക്ടറുടെ സേവനം ലഭിച്ചത്.
നാലു ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ഒരു താത്കാലിക ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ മാത്രമാണുള്ളത്. ഓരോ കാലത്തും ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവു കാരണം ഒപി സേവനം ഉച്ചവരെ മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന ലഭിക്കുന്ന കേന്ദ്രമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചിക്കുൻഗുനിയ വ്യാപകമായിരുന്ന സമയത്ത് ഇത്രയേറെ അടിസ്ഥാനസൗകര്യമില്ലാതിരുന്നിട്ടും പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇവിടെ കിടത്തിച്ചികിത്സ നടത്തിയിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വനമേഖലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പെടുന്നവരും പാമ്പുകടി ഏൽക്കുന്നവരും ഏറെയാണ്. ഹൃദ്രോഗബാധിതരായി അടിയന്തര ചികിത്സ വേണ്ടവരും ഇവിടെ ഏറെയുണ്ട്.
തണ്ണിത്തോട്ടിൽ മെച്ചപ്പെട്ട ചികിത്സാകേന്ദ്രം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും ഇതിനായി സർക്കാർ തലത്തിൽ ശ്രമങ്ങൾ തുടങ്ങിയതായും ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. തണ്ണിത്തോട്ടിൽ മെച്ചപ്പെട്ട ചികിത്സ എന്ന ആവശ്യവുമായി പ്രചാരണ പരിപാടികൾ തുടങ്ങുമെന്നു നാട്ടുകാർ പറഞ്ഞു.