വികസനസദസിന് ഇന്നു തുടക്കം
1598314
Friday, October 10, 2025 2:19 AM IST
പത്തനംതിട്ട: നവകേരള നിര്‍മിതിയെ സംബന്ധിക്കുന്ന ജനകീയ കാഴ്ചപ്പാടുകളും ആശയങ്ങളും സമാഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസനസദസിന് ജില്ലയില്‍ ഇന്നു തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും. സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും വികസനനേട്ടം അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുകയും ഭാവിയിലേക്കുള്ള ആശയവും നിര്‍ദേശവും കണ്ടെത്തുകയുമാണ് വികസന സദസിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കും.
സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസനനേട്ടം വീഡിയോയിലൂടെ സദസില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചകളിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളും ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതിയും സദസില്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക വികസന ഭാവി വിഭാവനം ചെയ്യുകയാണ് ഉദ്ദേശ്യം. പന്തളം തെക്കേക്കരയ്ക്ക് പുറമേ മൈലപ്ര, കുളനട ഗ്രാമപഞ്ചായത്തുകളിലും വികസനസദസ് ഇന്ന് അരങ്ങേറും. മൈലപ്ര കൃഷിഭവന് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. ദിലീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുളനടയില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് സദസ് ആരംഭിക്കും.