ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരും: അടൂർ പ്രകാശ്
1598318
Friday, October 10, 2025 2:27 AM IST
പത്തനംതിട്ട: സിപിഎം എംഎൽഎമാരുടെ സംസ്കാരം എത്രമാത്രമാണെന്ന് അവരുടെ വാക്കുകളിൽനിന്ന് മനസിലാകുമെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ്. ഇന്നലെ നിയമസഭസഭയിൽ നടന്നത് സംസ്കാര ശൂന്യമായ സംഭവങ്ങളാണെന്ന് കൺവീനർ പറഞ്ഞു.
സ്പീക്കർ നിഷ്പക്ഷനായി പ്രവർത്തിക്കേണ്ട ആളാണ്. പല അവസരങ്ങളിലും നിയമസഭയിൽ യുഡിഫിന് അവസരം നിഷേധിക്കുന്നു. സ്പീക്കറുടെ പ്രവർത്തനങ്ങൾക്ക് വിലങ്ങിട്ടിരിക്കയാണ്.
യുഡിഎഫ് ഭരണകാലത്ത് കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ എൽഡിഎഫ് ചെയ്തത് എല്ലാവർക്കും അറിയാം.അത് യു ഡിഎഫ് ചെയ്യില്ല. മുഖ്യമന്ത്രി കാണിച്ചു കൊടുക്കുന്ന പാതയാണ് ബാക്കി എൽഡിഎഫ് എംഎൽഎമാരും സ്വീകരിക്കുന്നത്. അവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം.
ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരും. നാലു മേഖലാ ജാഥകൾ നടക്കും സ്വർണപ്പാളി വിഷയം കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ അവകാശുണ്ട്. ആരൊക്കെ സ്വർണപ്പാളി കൊണ്ടുപോയി എന്നറിയാനും ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫിലേക്ക് വരാൻ ഇനിയും ഒരുപാട് ആളുകൾ തയാറായി നിൽക്കുന്നുണ്ട്, അതൊക്കെ പിന്നീട് പറയാം. ചർച്ചകൾ നടക്കുന്നു.
സർക്കാരിന്റെ തെറ്റായ നയം പുറത്തു കൊണ്ടുവരിക എന്നതാണ് പ്രതിപക്ഷ എംഎൽഎമാരുടെ ധർമം. വെൽഫെയർ പാർട്ടി മുന്നണി പ്രവേശനവും അദ്ദേഹം തള്ളിയില്ല. എൽഡിഎഫിനൊപ്പം വെൽഫയർ പാർട്ടി നിൽക്കുമ്പോൾ അവർക്ക് പ്രശ്നമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.