വികസനസദസുകൾ നടത്തിയില്ലെങ്കിൽ പദ്ധതികൾക്ക് അംഗീകാരമില്ല?
1598308
Friday, October 10, 2025 2:19 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച വികസന സദസുകൾക്കു ഫണ്ട് നീക്കിവച്ചില്ലെങ്കിൽ പദ്ധതിക്ക് അംഗീകാരം നൽകുന്നില്ലെന്ന്. ജില്ലാ ആസൂത്രണസമിതിയിൽ ഇത്തരത്തിൽ പദ്ധതി തടയപ്പെട്ടതായി യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തു പ്രസിഡന്റുമാർ പരാതിപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പായി പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ വികസന സദസുകൾ നടത്തണമെന്നാണ് നിർദേശം. എന്നാൽ, യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇതിനു തയാറായിട്ടില്ല. ഇതേത്തുടർന്ന് വികസന സദസുകൾക്കു ഫണ്ട് നീക്കിവയ്ക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ ജില്ലാ ആസൂത്രണസമിതിയിൽ തടയപ്പെട്ടു.
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയിൽ പദ്ധതികൾ സമയബന്ധിതമായി അംഗീകരിക്കാതെ വരുന്നതും പ്രശ്നമാകുകയാണ്.
പ്രതിരോധിക്കുമെന്ന് കോൺഗ്രസ്
വികസനസദസുകൾ സംഘടിപ്പിച്ചില്ലെന്ന പേരിൽ പദ്ധതികൾ തള്ളിക്കളയാനുള്ള ജില്ലാ ആസൂത്രണസമിതിയുടെ നീക്കത്തെ ശക്തമായി നേരിടുമെന്നു കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് നടപടി നടന്നുവരവേ വികസന സദസ് പ്രഹസനമാണ്.
കഴിഞ്ഞ അഞ്ചു വർഷമായി എൽഡിഎഫ് നേതൃത്വം കൊടുത്ത ത്രിതല ഭരണസംവിധാനം ജില്ലയിൽ പരാജയമായിരുന്നെന്ന് കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ക്രെഡിറ്റ് അവകാശപ്പെട്ട കൊടുമൺ റൈസ് മില്ല് പൂട്ടി. കുന്നന്താനത്തെ പ്ലാസ്റ്റിക് ഫാക്ടറിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുണ്ട്. മെഷീനുകളുടെ ഗുണമേന്മയില്ലാത്തത് പ്രതിസന്ധിയാകും.
കുരുമുളക് പദ്ധതിയടക്കം ജില്ലാ പഞ്ചായത്ത് പദ്ധതികൾ പാഴായി. ഇതെല്ലാം ജനങ്ങളിൽനിന്നു മറച്ചുപിടിക്കാനാണ് വികസന സദസ് നടത്തുന്നത്. രാഷ്ട്രീയമായി പദ്ധതികളെ വിലയിരുത്താനുള്ള നീക്കത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജെറി മാത്യു സാം അറിയിച്ചു.