ലൈഫിൽ അത്ര പ്രതീക്ഷ പോരാ; ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് അഞ്ചു വർഷം
1598175
Thursday, October 9, 2025 3:34 AM IST
ലക്ഷ്യമിട്ടത് ആറുമാസം കൊണ്ട് തീർക്കാൻ
അടൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് കേന്ദ്രീകരിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിച്ച ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് അഞ്ചു വർഷം.
7.27 കോടി ചെലവിൽ ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളാണ് 92 സെന്റ് വസ്തുവിൽ നിർമാണം നടന്നിരുന്നത്. 2020 സെപ്റ്റംബർ 24നാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്. ആറു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നിർമാണം ആരംഭിച്ചത്. നിലവിൽ ഒരു കെട്ടിടത്തിന്റെ പകുതി പണികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ മാത്രം കെട്ടിയിട്ടുണ്ട്. നിർമാണ കരാർ ഏറ്റെടുത്തത് അഹമ്മദാബാദിൽനിന്നുള്ള കമ്പനിയായിരുന്നു. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫ്ലാറ്റ് നിർമാണമാണ് ഉദ്ദേശിച്ചിരുന്നത്. കെട്ടിടത്തിന്റെ ചട്ടക്കൂട് പൂർത്തീകരിച്ച് അസ്ഥിപഞ്ജരം പോലെ നിൽക്കുകയാണിപ്പോൾ.
അഭിമാന പദ്ധതി, പക്ഷേ
എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർണമായി നിലച്ചിട്ടും യാതൊരു ഇടപെടലും ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തുടക്കം മുതൽ അഴിമതി ആരോപണങ്ങളുയർന്നതാണ് സംസ്ഥാനത്തെ ലൈഫ് ഫ്ലാറ്റ് പദ്ധതി.
ഏനാത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമാണം സ്തംഭിച്ചതോടെ ഭൂരഹിതരായ 59 കുടുംബങ്ങൾ ആശങ്കയിലാണ്. സംസ്ഥാനതലത്തിൽ ആദ്യ ഉദ്ഘാടനം നടന്ന പുനലൂരിലെ ഫ്ലാറ്റ് സമുച്ചയം ആറ് വർഷം പിന്നിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. പന്തളത്ത് ആരംഭിച്ച നിർമാണവും പാതിവഴിയിൽ മുടങ്ങി.
ഫ്ലാറ്റ് നിർമാണം മുടങ്ങിയ സ്ഥലത്തു മാലിന്യനിക്ഷേപവും മദ്യക്കുപ്പികളും കുന്നുകൂടുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രവുമാണ്. കോവിഡ് കാലത്തിനു ശേഷം നിർമാണ സാമഗ്രികൾക്കു വില കൂടിയതിനാൽ കരാർ പുതുക്കി നിശ്ചയിക്കണമെന്നു കരാർ കമ്പനി മുന്പ് ആവശ്യപ്പെട്ടതായാണ് വിവരം.
ലൈഫ് മിഷന്റെ അലംഭാവമാണ് പദ്ധതി വൈകാൻ കാരണമെന്നാരോപിച്ചു സിപിഎം പോഷക സംഘടനയായ കർഷകസംഘം മുന്പ് രംഗത്തു വന്നിരുന്നു.