ബേക്ക് എക്സ്പോയിൽ എഴുനൂറിലധികം സ്റ്റാളുകൾ
1598316
Friday, October 10, 2025 2:19 AM IST
പത്തനംതിട്ട: ബേക്കറി - കൺഫെക്ഷണറി മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും ഒരിടത്തുതന്നെ അണിനിരത്തുന്ന ബേക്ക് എക്സ്പോ 10, 11, 12 തീയതികളിൽ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള 700ലധികം സ്റ്റാളുകൾ ഉണ്ടായിരിക്കും.
ബേക്കറി ഉടമകൾ, ജീവനക്കാർ, ഷെഫുകൾ, വിതരണക്കാർ, വ്യവസായികൾ, മൊത്ത വിതരണക്കാർ, റീട്ടെയിലർമാർ എന്നിവർക്ക് കൂടിച്ചേരാനും പുതിയ ബിസിനസ് പങ്കാളിത്തം കണ്ടെത്താനും എക്സ്പോയിലൂടെ അവസരം ലഭിക്കും.
സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് വി. എം. സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി ഇ. റിനീഷ്, ട്രഷറര്‍ കെ. എം. സാമുവേൽ, കോ-ഓർഡിനേറ്റർ എ.എം. റാഫി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.