കളക്ഷൻ ഏജന്റിന്റെ കൈയിൽ നിന്നു പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിൽ
1598177
Thursday, October 9, 2025 3:49 AM IST
അടൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിന്റെ കൈയിൽ നിന്നു പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ പ്രധാന സൂത്രധാരകൻ പോലീസ് പിടിയിൽ. അടൂർ വടക്കടത്തുകാവ് മുരുകൻകുന്ന് മുല്ലവേലിൽ പടിഞ്ഞാറ്റേതിൽ എ. സൂരജ് (പക്രു25)-നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സൂരജിന്റെ നിർദേശപ്രകാരം സ്കൂട്ടറിൽ പോയി കളക്ഷൻ ഏജന്റിനെ പിന്തുടർന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടാഴ്ച മുന്പ് അടൂർ മുണ്ടപ്പള്ളി പാറക്കൂട്ടം കാർത്തിക നിവാസിൽ എസ്.ജെ. ആലേഖ് (സൂര്യ, 20), അടൂർ പന്നിവിഴ കൃഷ്ണവിലാസം വീട്ടിൽ വരുൺ കൃഷ്ണൻ (ഉണ്ണി, 26) എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജാണ് പ്രധാന സൂത്രധാരനെന്ന് പോലീസിന് മനസിലാകുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഏനാത്ത് സ്വദേശി ശ്രീദേവി (ഹരീഷ്) ന്റെ കൈയിൽനിന്നും 1.90 ലക്ഷം രൂപ അടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. സെപ്റ്റംബർ 12-ന് അടൂർ പെരിങ്ങനാട് ചെറുപുഞ്ച ഭാഗത്താണ് സംഭവം. അടൂർ ഭാഗത്തു നിന്നും ജോലിയുടെ ഭാഗമായി ചെറുപുഞ്ചയിലേക്ക് പോയപ്പോഴാണ് ശ്രീദേവിനെ യുവാക്കൾ നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പിന്തുടർന്നെത്തി ബാഗ് തട്ടിയെടുത്തത്.
സംഭവത്തേ തുടർന്ന് ഒളിവിൽ പോയ സൂരജിനെ രണ്ടുതവണ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ ചൊവ്വാഴ്ച ഇയാൾ താമസിക്കുന്ന സ്ഥലത്തു നിന്നും സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ സുനിൽ കുമാർ, ജയ്മോൻ, സിപിഒമാരായ രാഹുൽ ജയപ്രകാശ്, പി.എസ്.രാഹുൽ, വിജയ് ജി. കൃഷ്ണൻ, എം.നിഥിൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.