ശബരിമല സർണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് ബിജെപി
1598757
Saturday, October 11, 2025 3:18 AM IST
പത്തനംതിട്ട: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സർണാപഹരണത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പത്തനംതിട്ട സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കേസല്ല ഇത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ഇതിന് ബന്ധമുണ്ട്. പോലീസോ ദേവസ്വം വിജിലൻസോ അന്വേഷിച്ചാൽ കേസ് പൂർണമായി തെളിയിക്കാൻ കഴിയില്ല. അതിനാലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്.
ശബരിമലയിൽ കാലാകാലങ്ങളിൽ ഭരണം നടത്തിയ ഇടതു വലതു പാർട്ടികൾ പലപ്പോഴായി കൊള്ളയ്ക്ക് കൂട്ടു നിന്ന ചരിത്രമാണുള്ളത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ അബാൻ ജംഗ്ഷനിൽ ഒത്തുകൂടി. സിവിൽ സ്റ്റേഷൻ നടയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് അധ്യക്ഷത വഹിച്ചു .
സംസ്ഥാന സമിതി അംഗവും ജില്ലാ പ്രഭാരിയുമായ അഡ്വ. രാധാകൃഷ്ണ മേനോൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ സമിതി അംഗം വി.എൻ. ഉണ്ണി, ദേശീയ സമിതി അംഗം വിക്ടർ ടി. തോമസ്, സംസ്ഥാന സമിതി അംഗം ടി.ആർ. അജിത്കുമാർ, കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ, നൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡൻറ് ബിജു മാത്യു, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, ബിനു മോൻ എന്നിവർ പ്രസംഗിച്ചു.