കോടികൾ ചെലവഴിച്ച് നിർമിച്ച റോഡ് കുളമാക്കി
1598768
Saturday, October 11, 2025 3:39 AM IST
പത്തനംതിട്ട: കോടികൾ ചെലവഴിച്ച് ബിഎം-ബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡ് ജലവകുപ്പ് കുത്തിയിളക്കി നാശമാക്കി. ടോറസ് ലോറികൾ അടക്കം അതിവേഗം പാഞ്ഞു കൊണ്ടിരുന്ന പാതയിലൂടെ ഇപ്പോൾ കാളവണ്ടിക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി.
പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ കൂടി കടന്നു പോകുന്ന പുത്തൻകാവ് - മുളക്കുഴ മൂന്നര കിലോമീറ്റർ പാതയ്ക്കാണ് ഈ ദുരവസ്ഥ. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് രണ്ടു വർഷം മുമ്പ് മന്ത്രി സജി ചെറിയാന്റെ താത്പര്യപ്രകാരമാണ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തത്. മാവേലിക്കര - തെക്കേമല റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്.
നിലവാരമുള്ള റോഡായതിനാൽ വാഹനങ്ങൾ അമിത വേഗതയിൽ പായുന്നു എന്ന പരാതി മാത്രമേ നാട്ടുകാർക്ക് ഉണ്ടായിരുന്നുള്ളു. കായംകുളം, മാവേലിക്കര, കാരയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോഴഞ്ചേരി, പത്തനംതിട്ട, ശബരിമല എന്നിവിടങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണ് ജലസേചന വകുപ്പ് കുളമാക്കിയത്.
പാതയുടെ ഓരത്തുകൂടി കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കാൻ കഴിയുമെന്നിരിക്കെയാണ് അധികൃതർ റോഡ് ഭാഗികമായി വെട്ടിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു. അഞ്ചു മീറ്റർ വീതിയിൽ ടാർ ചെയ്ത റോഡിന്റെ നേർ പകുതി ഭാഗം ജെസിബി ഉപയോഗിച്ച് ഇളക്കിയാണ് കുഴിയെടുത്തിട്ടുള്ളത്.
മഴ പെയ്യുന്നതിനാൽ പൂട്ടിയടിച്ച വയൽ പോലെയാണ് റോഡിന്റെ അവസ്ഥ. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കണമെങ്കിൽ ടാറിൽ നിന്നും വാഹനം ചെളിയിലേക്ക് ഇറക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
ചില വാഹനങ്ങൾ ഇത്തരത്തിൽ ചെളിയിൽ പുതഞ്ഞതായി നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡ് ഉന്നത നിലവാരത്തിൽ തന്നെ ടാർ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.