വിളപരിപാലന കേന്ദ്രമൊരുക്കി പ്രമാടം ഗ്രാമപഞ്ചായത്ത്
1598309
Friday, October 10, 2025 2:19 AM IST
പ്രമാടം: കര്‍ഷകര്‍ക്ക് കരുതലായി പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന കേന്ദ്രം. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം ആരംഭിച്ചത്. വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി ശാസ്ത്രീയ പരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള സജീകരണങ്ങളാണുള്ളത്.
വിളരോഗങ്ങള്‍, മൂലകങ്ങളുടെ അപര്യാപ്തത എന്നിവമൂലം വിളകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാരണം കണ്ടെത്തി കൃത്യമായ നിര്‍ദേശങ്ങള്‍ കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആവശ്യമെങ്കില്‍ ജൈവരാസ കീടനാശിനികളും സൗജന്യമായി നല്‍കും. എല്ലാ വെള്ളിയാഴ്ചയുമാണ് ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
മറ്റു ദിവസങ്ങളില്‍ വിളകളുടെ പ്രശ്നങ്ങളുമായി സമീപിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യകേന്ദ്രത്തില്‍നിന്ന് നല്‍കും. ജൈവകീടനാശിനികള്‍ക്കു പ്രാധാന്യം നല്‍കിയാണ് വിളകള്‍ക്ക് ചികിത്സ നല്‍കുന്നത്.
കര്‍ഷകര്‍ക്ക് വിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം കൂട്ടാനും വിളപരിപാലനകേന്ദ്രം സഹായമാകും. വിളകളുടെ ക്രമീകരണം, തെരഞ്ഞെടുപ്പ്, വിത്ത് പരിപാലനം, ജലസേചനം, വളപ്രയോഗം, കളനിയന്ത്രണം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിലൂടെ ബോധവത്കരണം നല്‍കും. മണ്ണ് സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും.
വിളകളുടെ രോഗലക്ഷണങ്ങളുമായെത്തുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കാത്ത വിഷയങ്ങള്‍ ജില്ലാതലത്തില്‍ അറിയിക്കാനും സൗകര്യമുണ്ട്.