കോന്നിയിലെ പട്ടയപ്രശ്നം പരിഹരിക്കാൻ തീരുമാനം
1598315
Friday, October 10, 2025 2:19 AM IST
കോന്നി: മണ്ഡലത്തിലെ മുഴുവൻ കൈവശക്കാരുടെയും പട്ടയപ്രശ്നങ്ങൾ പരിഹരിക്കാൻ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയാതായി റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ അവതരിപ്പിച്ച സബ് മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കോന്നിത്താഴം വില്ലേസിൽ തണ്ണിത്തോട് പഞ്ചായത്തിൽ (10-ാ വാർഡ്) ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കൽ പ്രദേശവും കോന്നി പഞ്ചായത്തിൽ ആറാം വാർഡ് ഉൾപ്പെട്ട ആവോലിക്കുഴി, ഞള്ളൂർ പ്രദേശങ്ങളും ആണ് ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ ഉൾപ്പെട്ടത്.
ഫുഡ് പ്രൊഡക്ഷൻ ഏരിയയ്ക്കുവേണ്ടി വനം വകുപ്പ്, മുൻപ് റവന്യു വകുപ്പിനു നൽകിയ കുമരംപേരൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ 333.1659 ഹെക്ടർ സ്ഥലം ഇതിൽ ഉൾപ്പെടും.
പട്ടയപ്രശ്നങ്ങൾ രണ്ടു തരം
ഗ്രോ മോർ ഫുഡിനുവേണ്ടി ഡിസ് -റിസർവ് ചെയ്ത മേഖലയിൽ പട്ടയം ലഭിക്കാത്ത ആളുകളുടെ പ്രശ്നങ്ങൾ: അതിൽ ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന സമയത്ത് നോട്ടിഫിക്കേഷനിൽ ഉൾപ്പെടുന്ന കൈവശക്കാർക്ക് അവരുടെ അർഹത പരിഗണിച്ചു പട്ടയം നൽകാനാണ് തീരുമാനം.
കുടിയേറ്റ കർഷകർ കൃഷിചെയ്തു ജീവിച്ചുവരുന്ന, എന്നാൽ ഡിസ്-റിസർവ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാത്തതും വനത്തിന്റെ ജണ്ടയ്ക്ക് പുറത്തുള്ളതുമായ പ്രദേശങ്ങളിൽ ഭൂമി കൈവശം വച്ച് വരുന്നവരുടെ പട്ടയപ്രശ്നങ്ങൾ: കൈവശക്കാർക്കു പട്ടയം നൽകാൻ കേന്ദ്രാനുമതിക്കായി പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിൽനിന്നായി ആകെ 1970.04 ഹെക്ടർ വനഭൂമി പരിവേഷ് പോർട്ടൽ മുഖേന സമർപ്പിച്ചിട്ടുണ്ട്.
അതിൽ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, കോന്നിത്താഴം, അരുവാപ്പുലം, കലഞ്ഞൂർ, തണ്ണിത്തോട് എന്നീ വില്ലേജുകളിലായി ആകെ 5286 കൈവശങ്ങളും 1642.166 ഹെക്ടറും ഉൾപ്പെട്ടിട്ടുണ്ട്.
1977-നു മുൻപുള്ള കുടിയേറ്റമാണ് എന്നതിനുള്ള സർക്കാർ വേരിഫിക്കേഷൻ രേഖകൾ, റിമോട്ട് സെൻസിംഗ് മാപ്പ്, ജോയിന്റ് റിപ്പോർട്ടിനോടൊപ്പം ഇതിലേക്കായുള്ള നടപടിക്രമം മാനദണ്ഡങ്ങൾ എന്നിവ കൂടി നൽകണമെന്ന് കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ലഭ്യമായ രേഖകൾ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനു ജില്ലാ കളക്ടർ നൽകുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ ജോ കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംവിധാനം.