കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് നാലു പേർക്ക് പരിക്ക്
1598769
Saturday, October 11, 2025 3:39 AM IST
പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് പിഞ്ചുകുട്ടിയടക്കം നാലു പേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന പത്തനംതിട്ട വെട്ടിപ്രം മുറിയിൽ കുമ്പാങ്കൽ താഹമൻസിൽ സെയ്ദ് മുഹമ്മദ് (35), സഹോദരി ഷാനി (30), തമീം (14) ഹെൻസ (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ജില്ല പോലീസ് ഓഫീസിനു സമീപമാണ് അപകടം നടന്നത്. റാന്നി കൃഷി ഓഫീസർ കൊട്ടാരക്കര സ്വദേശി സുരേഷ് കുമാർ ആണ് കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാർ ആദ്യം ഓട്ടോറിക്ഷയിലും പിന്നാലെയെത്തിയ ബൈക്കിലും ഇടിക്കുകയായിരുന്നു.
വൈദ്യ പരിശോധനയിൽ കാർ ഓടിച്ചയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. ഇയാൾ മൊബൈലിൽ സംസാരിച്ചാണ് വാഹനം ഓടിച്ചത്. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.