മണ്ണീറ വെള്ളച്ചാട്ടം: ആദ്യഘട്ടനിർമാണം പൂർത്തിയാകുന്നു
1598773
Saturday, October 11, 2025 3:39 AM IST
തണ്ണിത്തോട്: തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ കേന്ദ്രീകരിച്ച് ദിനംപ്രതി നൂറു കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബ്ലോക്ക് നടപ്പാക്കുന്ന വികസന പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് 2021- 22, 2022 -23 വാർഷിക പദ്ധതികളിലായി 15,18,100 ലക്ഷം രൂപ വകയിരുത്തിയ ആദ്യ ഘട്ട പ്രവർത്തനങ്ങളാണ് പൂർത്തീകരണത്തിലേക്ക് എത്തിച്ചേരുന്നത്. ടോയ്ലറ്റുകൾ, വസ്ത്രം മാറുന്നതിനുള്ള മുറി ഉൾപ്പെടെ ക്ലോക്ക് റൂം, ലഘുഭക്ഷണശാല, കവാടം എന്നിവയാണ് ആദ്യ ഘട്ടമായി പൂർത്തീകരിക്കുന്നത്.
തുടർന്ന് രണ്ടാം ഘട്ടമായി മുകൾനിലയിൽ വിശ്രമകേന്ദ്രം, വ്യൂ പോയിന്റ്, വൈദ്യുതീകരണം, എന്നിവ കൂടി നിർമ്മിക്കുന്നതിനായി 19,04,000 ലക്ഷം രൂപ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെയും നിർമ്മാണം ആരംഭിച്ചു. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയായി വരുന്നു.
തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശമുവേൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പ്രീത പി.എസ്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ശ്രീജ കുഞ്ഞമ്മ, ഓവർസിയർ ശ്രീകുമാർ, എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ബിജു മാത്യു, ഷിജോ ഇഞ്ചക്കാടൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.