വിദേശ മലയാളികളെ കബളിപ്പിച്ച് 26 ലക്ഷം തട്ടിയെടുത്തു
1598755
Saturday, October 11, 2025 3:18 AM IST
അടൂർ: സഹോദരങ്ങളായ വിദേശ മലയാളികളെ തെറ്റിദ്ധരിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അടൂർ ട്രഷറിയുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം. ദുബായ് കേന്ദ്രമാക്കി ബിസിനസ് നടത്തുന്ന പത്തനംതിട്ട ഓമല്ലൂർ സ്വദേശികൾക്കാണ് പണം നഷ്ടമായത് അവരുടെ വിശ്വസ്തനും ഓമല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എറണാകുളം സ്വദേശി ജോസഫ് പി.ജി ക്ക് എതിരെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
ഇവരിൽ നിന്നും പലപ്പോഴായി അടൂർ സബ് ട്രഷറി ഓഫീസിൽ അടയ്ക്കാൻ വാങ്ങിയ 26 ലക്ഷം രൂപ ചെല്ലാനിൽ കൃത്രിമം കാട്ടി അവഹരിച്ചു എന്നാണ് കേസ് സഹോദരങ്ങളുടെ പേരിൽ പത്തനംതിട്ടയിലും ഓമല്ലൂരും ഉള്ള രണ്ട് ഏക്കർ സ്ഥലം നിയമാനുസരണം ജിയോളജി വകുപ്പിൽ നിന്നും അനുവാദം വാങ്ങി തുകചെല്ലാൻ വഴി ട്രഷറിയിൽ അടച്ച് മണ്ണിട്ട് കൃഷി യോഗ്യമാക്കി തീർക്കാമെന്ന് സമ്മതിച്ച് എഗ്രിമെന്റ് വെച്ചാണ് ഇയാൾ തുക കൈപ്പറ്റിയത്.
പത്ത് പ്രാവശ്യമായി ഇവരിൽ നിന്നും 26 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 1600 രൂപ മാത്രമാണ് ട്രഷറിയിൽ അടച്ചത്.
ഓരോ പ്രാവശ്യവും ലക്ഷങ്ങൾ വാങ്ങി അത് അടൂർ ട്രഷറിയിൽ അടച്ചതായി രേഖപ്പെടുത്തി ട്രഷറിയുടെ ഒറിജിനൽ സീൽ ഉൾപ്പെടെ പതിപ്പിച്ച് ഉടമസ്ഥർക്ക് നൽകി വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജോസഫ് ഓമല്ലൂരിൽ ഇവരുടെ തന്നെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആളായതിനാലും ഇവരുടെ വീട് പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്ന ആൾ ആയതിനാലും യാതൊരു സംശയവും തോന്നിയില്ല എന്നാണ് വിദേശ മലയാളികൾ പറയുന്നത്.
2022 പന്ത്രണ്ടാം മാസം മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇയാൾ പണം അപഹരിച്ചത്. ആവശ്യപ്പെട്ട പ്രകാരം കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ പരാതിക്കാർ നേരിട്ട് അടൂർ ട്രഷറിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതായി മനസിലാക്കുന്നത്.
ട്രഷറിയിൽ നടന്ന ഇടപാടിൽ ഇതേ അഡ്രസ്സിലും നമ്പറിലും നാമമാത്രമായ തുക അടച്ച് രസീത് വാങ്ങി പിന്നീട് ഡ്യൂപ്ലിക്കേറ്റ് ചെല്ലാൻ രസീത് ഉണ്ടാക്കി അതിൽ അതേ തീയതിയും നമ്പറും ഇട്ട് തുക കൂട്ടിയെഴുതി ഉടമസ്ഥർക്ക് നൽകിയതായാണ് പ്രാഥമിക നിഗമനം.
അന്വേഷണത്തിലും വീഴ്ച
ഇതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ച് 12 - ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇളയ സഹോദരൻ വിദേശത്തുനിന്ന് വന്ന് വീണ്ടും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും അതിനും എഫ്ഐആർ ഇട്ട് പോലീസ് അന്വേഷണം നടത്തിയില്ല.
അന്നേദിവസം തന്നെ അടൂർ സബ് ട്രഷറി ഓഫീസർക്കും പരാതി നൽകിയിരുന്നു. എന്നാൽ ട്രഷറി ഓഫീസിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയില്ല എന്ന് മറുപടിയാണ് ലഭിച്ചത്. പിന്നീട് 6-10-2025-ൽ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ഡിവൈഎസ്പിക്കും പരാതി നൽകി.
അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചതായി പറയുന്നു
മണ്ണ് മാഫിയ ബന്ധവും
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് വിജിലൻസിലെ ചില ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് . ഇതിന് പിന്നിൽ വൻ ഗൂഢാലോചനയും മണ്ണ് മാഫിയയുടെ കൈകളും ഉണ്ടെന്ന് വിജിലൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വകാര്യ വ്യക്തികൾ തമ്മിലുള്ള പണമിടപാട് ആയതിനാലും ഗവൺമെന്റിന് ഇതിൽ നഷ്ടം ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാലും ട്രഷറി ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യക്ഷത്തിൽ കണ്ടെത്താൻ കഴിയാത്തതിനാലും വിജിലൻസിന് നേരിട്ട് കേസെടുക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞു.
ഓരോ പ്രാവശ്യവും വൻ തുക കൈപ്പറ്റി ഇയാൾ നാമമാത്രമായ തുക മാത്രമാണ് ട്രഷറിയിൽ അടച്ചിരുന്നത്. പരാതിക്കാർക്ക് ഇയാൾ നൽകിയിരുന്ന ചെല്ലാനിലെ സീലുകൾ ട്രഷറിയുടെ ഒറിജിനൽ സീൽ തന്നെയാണെന്ന് ട്രഷറി ഓഫീസർ തന്നെ സമ്മതിച്ചിട്ടുണ്ട്.