പദ്ധതി വിഹിതം പെട്ടിയിൽത്തന്നെ : ജില്ലയിൽ ചെലവഴിച്ചത് 17.95 ശതമാനം മാത്രം
1598307
Friday, October 10, 2025 2:19 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 17.95 ശതമാനം തുക മാത്രം. സംസ്ഥാനതലത്തിൽ ആറാം സ്ഥാനത്താണ് ജില്ല. ആകെ വിഹിതത്തിന്റെ 20.93 ശതമാനം ചെലവഴിച്ച കൊല്ലം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്. പാലക്കാടാണ് രണ്ടാമത് (19.88).
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അടക്കം ജില്ലയിൽ മൊത്തം 66 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്താണ്. 31.75 ശതമാനം. ഏറത്ത് ഗ്രാമപഞ്ചായത്താണ് ജില്ലയിൽ രണ്ടാമത്. തിരുവല്ല നഗരസഭയാണ് ഏറ്റവും പിന്നിൽ. 6.63 ശതമാനം തുക മാത്രമാണ് തിരുവല്ലയിൽ ആറു മാസത്തിനിടെ ചെലവഴിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 13.56 ശതമാനം തുക മാത്രം ചെലവഴിച്ചു.
നഗരസഭ 21.26 ശതമാനം
നഗരസഭകളിൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയാണ് മുന്നിൽ. 21.26 ശതമാനം തുകയാണ് ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരസഭ ചെലവിട്ടിരിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ ഇലന്തൂർ കഴിഞ്ഞാൽ മല്ലപ്പള്ളിയാണ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത് (24.02). മല്ലപ്പള്ളി-24.02, കോന്നി-10.58, പന്തളം-14.88, പുളിക്കീഴ്-15.97, പറക്കോട്-23.18 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളുടെ കണക്ക്.
ഇനി തെരഞ്ഞെടുപ്പു കാലം
പദ്ധതിവിഹിതത്തിൽ കാര്യമായ മുന്നേറ്റം ഇനിയുണ്ടാകില്ലെന്നു തദ്ദേശ സ്ഥാപന അധ്യക്ഷരും പറയുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പദ്ധതി നടത്തിപ്പിൽ തദ്ദേശസ്ഥാപനങ്ങൾക്കു വീഴ്ച വന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പകുതി തുക പോലും ചെലവിടാൻ കഴിയാത്തത് ഭരണസമിതികളുടെ അനാസ്ഥമൂലമാണെന്നും ആരോപണം ഉയരുന്നുണ്ട്.
എന്നാൽ, ഭരണസമിതികൾ ഇതു തള്ളുകയാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ ചെലവഴിക്കുന്ന തുകയിൽ കുറവുണ്ടാകുന്നത് പുതിയ സംഭവമല്ല. മുൻ തവണയും ഇതായിരുന്നു സ്ഥിതി. പദ്ധതി അംഗീകരിക്കുന്നതിലും വിഹിതം ലഭിക്കുന്നതിലും കാലതാമസമുണ്ടായി. സാമ്പത്തികവർഷത്തിന്റെ പകുതി പിന്നിടുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എത്തുന്നത്.
സാധാരണ സാമ്പത്തികവർഷത്തിന്റെ അവസാന മാസങ്ങളിലാണ് തുക ചെലവഴിക്കൽ പ്രവൃത്തികൾക്ക് സാധാരണ നിലയിൽ വേഗം കൈവരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പായതിനാൽ ഏഴ് മാസം മാത്രമാണ് ലഭിക്കുക.
പദ്ധതി വിഹിതം: മുന്നിലുള്ളവർ
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്- 31.75
ഏറത്ത് പഞ്ചായത്ത് - 31.23
എനാദിമംഗലം പഞ്ചായത്ത്-30.22
കടമ്പനാട് പഞ്ചായത്ത്-29.91
റാന്നി-28.49
പിന്നിൽ
തിരുവല്ല നഗരസഭ-6.63
ചിറ്റാർ പഞ്ചായത്ത്-7.75
നിരണം പഞ്ചായത്ത്-9.05
കോന്നി ബ്ലോക്ക് പഞ്ചായത്ത്- 10.58
പന്തളം നഗരസഭ-11.22
നഗരസഭകൾ
പത്തനംതിട്ട- 21.26
അടൂർ-14.56
പന്തളം-11.22
തിരുവല്ല-6.63.