‘മിനി ദിശ 2025’ ഉന്നതപഠന പ്രദർശനം ഇന്നും നാളെയും
1598322
Friday, October 10, 2025 2:27 AM IST
തിരുവല്ല: മിനി ദിശ ഉന്നതപഠന പ്രദർശനം ഇന്നും നാളെയും തിരുവല്ല എസ്സിഎസ്എച്ച്എസ്എസിൽ നടക്കും. രാവിലെ പത്തിന് മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രദർശനം.
പത്താം ക്ലാസിനും പ്ലസ്ടുവിനും ശേഷം പഠിക്കാവുന്ന ഹ്രസ്വകാല കോഴ്സുകൾ, വിവിധതരം സ്കോളർഷിപ്പുകൾ, വിവിധ മത്സരപരീക്ഷകൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൈഫ് സ്കിൽസ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധരുടെ സെഷനുകളും രണ്ടു ദിവസത്തെ എക്സ്പോയിൽ ഉണ്ടായിരിക്കും. കേരളത്തിലെ 40ഓളം വിവിധ സർക്കാർ സ്ഥാപനങ്ങൾ അവരുടെ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിന് മിനി ദിശയിൽ എത്തിച്ചേരും.
വിദ്യാർഥി കൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആധുനിക കോഴ്സുകൾ, തുടർപഠന സാധ്യതകൾ, വ്യത്യസ്ത തൊഴിൽ മേഖലകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ അറിവ് നേടുന്നതിന് മിനി ദിശ ഉപകരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്കായി കെ ഡാറ്റിന്റെ കീഴിൽ അഭിരുചി പരീക്ഷ, സി ജി ആൻഡ്എസിയുടെ കീഴിൽ വിവിധ കോഴ്സുകളെ പരിചയപ്പെടുത്തുന്ന 14 സ്റ്റാളുകൾ,
കരിയർ കൗൺസിലിംഗ് എന്നിവയും രണ്ടു ദിവസത്തെ മിനി ദിശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി ആർഡിഡി കെ. സുധ, എസ്സിഎസ് പ്രിൻസിപ്പൽ ജോൺ കെ. തോമസ്,
ഡോ. സുനിൽ കുമാർ, ഡോ. അനിത ബേബി തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ പി. ചാന്ദ്നി അറിയിച്ചു.