തിലകൻ സ്മാരകവേദി നാടക അവാർഡുകൾ പ്രഖ്യാപിച്ചു
1598182
Thursday, October 9, 2025 3:49 AM IST
പത്തനംതിട്ട: സാംസ്കാരിക വകുപ്പ്, തിലകൻ സ്മാരക വേദി, റാന്നി ഫാസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നിയിൽ നടന്ന തിലകൻ സ്മാരക സംസ്ഥാന പ്രഫഷണൽ നാടകമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാംസ്ഥാനം തിരുവനന്തപുരം അജന്തയുടെ വംശം നാടകത്തിനും രണ്ടാം സ്ഥാനങ്ങൾ ഓച്ചിറ സരിഗയുടെ സത്യമംഗലം ജഗ്ഷനും, കായംകുളം പീപ്പിൾസിന്റെ അങ്ങാടിക്കുരുവികൾ എന്നീ നാടകങ്ങൾക്കും ലഭിച്ചു.
മികച്ച നാടക രചന വൈക്കം മാളവികയുടെ ജീവിത ത്തിന് ഒരാമുഖം എന്ന നാടകത്തിന്റെ രചയിതാവ് മുഹാദ് വെമ്പായം. തിരുവനന്തപുരം അജന്തയുടെ വംശം എന്ന നാടകത്തിലെ സുരേഷ് ദിവാകരൻ മികച്ച സംവിധായകനും അതേ നാടകത്തിലെ ഭീമസേനനായി അഭിനയിച്ച അനിൽ ചെങ്ങന്നൂർ മികച്ച നടനും ഹിഡുംബി എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച സുനിതാ മനോജ് മികച്ച നടിയുമായി.
രണ്ടാമത്തെ നടനായി ജീവിതത്തിന് ഒരാമുഖം എന്ന നാടകത്തിൽ രാജേന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് മാളവികയെ തെരഞ്ഞെടുത്തു. അവാർഡുകൾ ഈ മാസം പത്തനംതിട്ട പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
തിലകൻ സ്മാരകവേദി ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ, ഫാസ് സെക്രട്ടറി എസ്. അജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.