ജില്ലാ ഭക്ഷ്യപരിശോധനാ ലബോറട്ടറി കെട്ടിടം പൂർത്തിയായി
1598312
Friday, October 10, 2025 2:19 AM IST
പത്തനംതിട്ട: ജില്ലയ്ക്കു പുതിയ ഭക്ഷ്യപരിശോധനാ ലബോറട്ടറി. പത്തനംതിട്ട നഗരത്തിലെ അണായിപ്പാറയിലാണ് പുതിയ കെട്ടിടം പൂർത്തിയായത്. നിർമാണജോലികൾ ഏറെക്കുറെ പൂർത്തിയായി. അവാസനഘട്ടം മിനുക്കുപണികളാണ് ബാക്കിയുള്ളത്.
11 സെന്റ് വസ്തുവിൽ 2022 നവബംറിലാണ് ലാബിന് തറക്കല്ലിട്ടത്. 3.1 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായാണ് ലാബ് നിർമാണം. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഫണ്ടിലാണ് നിർമാണം. കഴിഞ്ഞ സാന്പത്തികവർഷംതന്നെ ലാബ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നതാണ്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഓഫീസ്, മൈക്രോ ബയോളജി ലാബ്, സ്റ്റോർ, ശൗചാലയങ്ങൾ എന്നിവ ഉണ്ടാകും. രണ്ടാംനിലയിൽ ലാബും മൂന്നാം നിലയിൽ വിശദ പരിശോധനകൾക്കുള്ള അത്യാധുനിക ഉപകരണങ്ങളും സ്ഥാപിക്കും.
ഭക്ഷണവും വെള്ളവും പരിശോധിക്കും
ലാബ് വരുന്നതോടെ ജില്ലയ്ക്ക് വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല. എല്ലാത്തരം ഭക്ഷണസാധനങ്ങളും വെള്ളവും പരിശോധിക്കും. നിലവിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബിൽ അയച്ചാണ് പരിശോധിക്കുന്നത്.
ജില്ലയിൽനിന്ന് 40 സാമ്പിളുകളെങ്കിലും ഒരു മാസം പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനാഫലം ലഭിക്കുക. പത്തനംതിട്ട മാർക്കറ്റ് റോഡിനു സമീപമുള്ള പഴയ ലാബിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്. സൂക്ഷ്മാണു പരിശോധന, കീടനാശിനി പരിശോധനകൾക്ക് മറ്റു ജില്ലകളെയാണ് ആശ്രയിച്ചുവന്നിരുന്നത്.
9 പുതിയ തസ്തികകൾ
ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ, ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്ന് തസ്തികകളിൽ ഒരാൾ വീതമാണ് നിലവിലെ ലാബിലുള്ളത്.
പുതിയ ലാബിലേക്ക് ഒന്പത് പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അനലിസ്റ്റ്, റിസർച്ച് ഓഫീസർ, രണ്ട് ജൂണിയർ റിസർച്ച് ഓഫീസർ, രണ്ട് ലാബ് അസിസ്റ്റന്റ്, കെമിസ്റ്റ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുപ്പതിലധികം ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്.
പരിശോധനയ്ക്കാവശ്യമായ മൈക്രോ ബയോളജി ഉപകരണങ്ങൾ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് എത്തിക്കും.