തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ: നടപടികൾ വേഗത്തിലാക്കും
1598767
Saturday, October 11, 2025 3:39 AM IST
പത്തനംതിട്ട: ഭാരത്മാല പരിയോജനയുടെ ഭാഗമായിരുന്ന തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അവസാനിപ്പിച്ചതോടെ തെക്കൻ കേരളത്തിലെയും മധ്യ - വടക്കൻ കേരളത്തിലെയും യാത്ര വേഗത്തിൽ ആക്കുന്ന പദ്ധതിക്ക് ഉണ്ടായ തിരിച്ചടി എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നിലവിൽ 2024-25 ൽനിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങാനിരിക്കെയാണ് പദ്ധതിക്ക് താത്കാലിക വിലക്കു വീണത്.
ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിഷൻ 2047-ന് അനുസൃതമായി പദ്ധതിയെ യോജിപ്പിച്ച് എൻഎച്ച്എഐ ഉടൻ തന്നെ ഒരു പുതിയ ഡിപിആർ തയ്യാറാക്കുമെന്ന് പദ്ധതിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.പുതുക്കിയ പദ്ധതിയിൽ അലൈൻമെന്റിലും സ്പെസിഫിക്കേഷനുകളിലും മാറ്റങ്ങൾ വരുത്തും. പുതിയ ഹൈവേയിൽ പരിമിതമായ എക്സിറ്റ്, എൻട്രി പോയിന്റുകളുള്ള ഒരു നിയന്ത്രിത ആക്സസ് സിസ്റ്റം ഉണ്ടായിരിക്കും.
തുടക്കത്തിൽ ആറുവരി പാതയായി നിർദേശിച്ചിരുന്ന ഇത് ഇപ്പോൾ നാലുവരി പാതയായി വികസിപ്പിക്കാനാണ് തീരുമാനം.കൂടാതെ, ഒരു ആധുനിക ജിപിഎസ് നിയന്ത്രിത ടോൾ സംവിധാനവും നടപ്പിലാക്കും. പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതിനാൽ ആണ് മുൻ ഡിപിആർ അവസാനിപ്പിച്ചത് എന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
എന്നാൽ നിലവിൽ പദ്ധതി വിഷൻ 2047 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിക്കു കീഴിലുള്ള പ്രാരംഭ അലൈൻമെന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മുൻ ഡിപിആർ. എന്നിരുന്നാലും, അടിസ്ഥാന അലൈൻമെന്റ് അതേപടി തുടരും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ വർഷം അലൈൻമെന്റ് അംഗീകരിച്ചിരുന്നു.
നിലവിലുള്ള എംസി റോഡിന് സമാന്തരമായി 257 കിലോമീറ്റർ ദൈർഘ്യത്തിലാണ് നിർദ്ദിഷ്ട ഹൈവേ കടന്നു പോകുന്നത്. തിരുവനന്തപുരത്തിനും അങ്കമാലിക്കും കൊട്ടാരക്കര വഴിയും കോട്ടയം ജില്ലയുടെ ചില ഭാഗങ്ങൾ വഴിയും മെച്ചപ്പെട്ട യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പാത.
പദ്ധതിയുടെ മേൽനോട്ടത്തിനായി, എൻഎച്ച്എഐ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രോജക്ട് ഡയറക്ടറെ നിയമിച്ചിരുന്നു. ജില്ല തിരിച്ചുള്ള പബ്ലിക് ഹിയറിംഗ് നടത്തുക എന്നതാണ് അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്നത്. പബ്ലിക് ഹിയറിംഗ് ഉടൻ ആരംഭിക്കാനിരിക്കെ, ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാൻ ഇനിയും മാസങ്ങൾ എടുക്കും.അലൈൻമെന്റ് അന്തിമമാക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ ഉറപ്പാക്കാൻ പ്രോജക്ട് ഡയറക്ടറെയും നിയമിച്ചിട്ടുണ്ട്, കൂടാതെ ഓരോ ജില്ലയിലും പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കും. ഹൈവേ നിർമ്മാണ നടപടികൾ മുന്നോട്ട് പോകുന്നതിനുമുമ്പ് പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാനാണ് തീരുമാനം. പരിസ്ഥിതി അനുമതിയും നിർണായക ഘട്ടമാണ്.
ഹൈവേ ആറ് ജില്ലകളിലൂടെ കടന്നുപോകും
പുതിയ ഹൈവേയുടെ ആകെ വീതി 45 മീറ്റർ (148 അടി) ആയിരിക്കും. ഇത് പുളിമാത്തിൽ (തിരുവനന്തപുരം) ആരംഭിച്ച്, പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി,കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങൾ കടന്നുപോകുന്ന രീതിയിലാണ് നിർദേശിച്ചിരിക്കുന്നത്.
അങ്കമാലിയിൽ ഹൈവേ അവസാനിക്കും. ഇതിലൂടെ കേരളത്തിലെ ആറ് ജില്ലകളിലെ 13 താലൂക്കുകൾ ഹൈവേയിൽ ഉൾപ്പെടും.തുടക്കത്തിൽ, നിലവിലുള്ള എംസി റോഡ് നാലുവരിയായിവികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, ജനവാസമേഖലകളിലൂടെയുള്ള വികസനം വലിയ നഷ്ടം വരുത്തും എന്നതിനാലാണ് പുതിയ റോഡ് എന്ന ആശയം വന്നത്.
ഗതാഗതം മെച്ചപ്പെടും
നിർദ്ദിഷ്ട ഹൈവേ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതോടെ തിരുവനന്തപുരത്തേക്കും, വിഴിഞ്ഞം തുറമുഖം പോലുള്ള പ്രധാനപ്പെട്ട പദ്ധതികളുമായി ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുമാവും. പുതിയ ഹൈവേയുടെ ലക്ഷ്യം തിരുവനന്തപുരം മുതൽ അങ്കമാലിവരെയുള്ള യാത്രാസമയം കുറഞ്ഞു,
അതിനോടൊപ്പം കൊട്ടാരക്കര, കോട്ടയം, തൊടുപുഴ, കോന്നി, അഞ്ചൽ, പത്തനാപുരം തുടങ്ങിയ മേഖലകളുടെ വികസനത്തിനും ഗതാഗതത്തിനും മെച്ചപ്പെട്ട വഴിവെക്കുന്നതാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിക്ക് നിവേദനം നൽകിയിട്ടുണ്ട്.