ഡോ. എം .എസ്. സുനിലിന്റെ സ്നേഹഭവനം ആദിവാസി കുടുംബത്തിന്
1598770
Saturday, October 11, 2025 3:39 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 361- ാമത് സ്നേഹഭവനം ഷെല്ലി പോളിന്റെ സഹായത്താൽ ചിറ്റാർ വേളിമല മുരുപ്പേൽ രാജി ഭവീദിനും രണ്ട് പെൺകുഞ്ഞുങ്ങൾക്കുമായി നിർമിച്ച് നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് അരുൺ ബച്ചു.എൻ.എൻ. നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ വനാവകാശപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത കുടിലിൽ വന്യമൃഗ ഭീഷണിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ അവസ്ഥ മുൻ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ബീനാ ഗോപാൽ ടീച്ചറിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിൻപ്രകാരം ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കി ഇവർക്കായി ഷെല്ലി പോൾ നൽകിയ തുക ഉപയോഗിച്ച് മൂന്നു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു.
വന്യമൃഗങ്ങളിൽ നിന്നും ഇഴ ജന്തുക്കളിൽ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി മുകളിൽ രണ്ടുകിടപ്പുമുറികളോട് കൂടിയ സുരക്ഷിത ഭവനമാണ് ആദിവാസി കുടുംബത്തിനായി പ്രത്യേക രൂപകൽപ്പന ചെയ്തു നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ പ്രോജക്ട് കോഓഡിനേറ്റർ കെ. പി. ജയലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ അംബിക മിനി, സൂര്യ. എസ്.നായർ, സുധർമൻ. സി. കെ, മധു ചിറ്റാർ എന്നിവർ പ്രസംഗിച്ചു.