ശബരിമല: കോന്നി മെഡി. കോളജ് ബേസ് ആശുപത്രിയാകും
1599035
Sunday, October 12, 2025 3:44 AM IST
നിർമാണജോലി പൂർത്തിയാകാത്തത് പ്രതിസന്ധി; റോഡ് നിർമാണവും വൈകുന്നു
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തും ജില്ലയിലെ സർക്കാർ ആശുപത്രികൾ പൂർണസജ്ജമാകില്ല. കോന്നി സർക്കാർ മെഡിക്കൽ കോളജായിരിക്കും ഇത്തവണ ബേസ് ആശുപത്രിയായി പ്രവർത്തിക്കുക. എന്നാൽ, മെഡിക്കൽ കോളജിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാകാത്തത് അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് അടക്കമുള്ളവയുടെ യാത്രയെ ബാധിക്കും. കൂടുതൽ ഡോക്ടർമാരെയും സംവിധാനങ്ങളും എത്തിച്ച് മെഡിക്കൽ കോളജ് ബേസ് ആശുപത്രിയുടെ നിലവാരത്തിലേക്ക് എത്തിക്കാനാണ് നീക്കം.
നിലയ്ക്കൽ ആശുപത്രി കടലാസിൽ
ശബരിമല തീർഥാടനകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ആധുനിക സൗകര്യങ്ങളോടെ ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും തീർഥാടനകാലത്തു മാത്രമാണ് ഇതിന്റെ പ്രവർത്തനം.
വർഷത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കത്തക്ക രീതിയിലാണ് നിലയ്ക്കൽ ആശുപത്രി വികസിപ്പിച്ചത്. എന്നാൽ, നിലയ്ക്കലിലും പ്രാന്തപ്രദേശങ്ങളിലുമുള്ളവർക്ക് ആശുപത്രി പ്രയോജനപ്പെടുന്നില്ല.
മണ്ഡല, മകരവിളക്കു കാലത്തും പ്രവർത്തനം പരിമിതമാണ്. വർഷം മുഴുവനും ഡോക്ടറും അനുബന്ധ ജീവനക്കാരും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നിലയ്ക്കൽ ആശുപത്രിക്കു സർക്കാർ രേഖകളിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഡോക്ടർമാരെയും ജീവനക്കാരെയും ഇവിടേക്ക് നിയമിച്ച ശേഷം മറ്റു ജോലികളിലേക്ക് അയയ്ക്കുകയാണ്പതിവ്.
വർക്കിംഗ് അറേഞ്ച്മെന്റിന്റെ പേരിൽ ജീവനക്കാരെ ആരോഗ്യവകുപ്പ് തന്നെ മാറ്റിനിയമിക്കും. തീർഥാടനകാലം ഒഴികെയുള്ള അവസരങ്ങളിൽ പന്പയിൽനിന്നു സന്നിധാനത്തേക്കുള്ള പാതയിൽ മെച്ചപ്പെട്ട സംവിധനം വേണമെന്നാവശ്യവും ശക്തമാണ്.
പണിതീരാതെ ജനറൽ ആശുപത്രി
ശബരിമല തീർഥാടന കാലത്ത് ബേസ് ആശുപത്രിയായി നിലനിന്നിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ കിടത്തി ചികിത്സാ സംവിധാനങ്ങളടക്കം നിലച്ചിരിക്കുകയാണ്.
അടിയന്തര ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. ജനറൽ ആശുപത്രി സംവിധാനങ്ങൾ പലതും മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു. ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ പണികൾ മണ്ഡലകാലത്തിനു മുന്‍പു പൂർത്തീകരിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നിട്ടില്ല.
ഒപി, അത്യാഹിത വിഭാഗം ബ്ലോക്കുകളുടെ പണികളും എങ്ങുമെത്തിയിട്ടില്ല. ആശുപത്രിയിലേക്കുള്ള പ്രധാനവഴി പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടം കൈകാര്യം ചെയ്യാൻ ജനറൽ ആശുപത്രിക്കാകില്ല.
അത്യാഹിത വിഭാഗമാകട്ടെ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജിനു സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവത്തിൽ പലതും പ്രവർത്തിക്കുന്നില്ല. വർഷങ്ങളേറെയായിട്ടും കോന്നി മെഡിക്കൽ കോളജ് ഇപ്പോഴും പൂർണസജ്ജമായിട്ടില്ല.
നിർമാണം വേഗത്തിലാക്കും
ജില്ലയിലെ എല്ലാ ആശുപത്രികളിലും പുതിയ കാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അതിവേഗം പുരോഗമിക്കുന്നതെന്നു മന്ത്രി വീണാ ജോർജ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബിയിലൂടെ 30 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു.
46 കോടി രൂപ ചെലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ട് ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തിരുവല്ല , അടൂര്‍ , കോന്നി, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളിലും ആശുപത്രി കെട്ടിട നിർമാണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.