പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം: സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരിയിൽ
1599038
Sunday, October 12, 2025 3:44 AM IST
പത്തനംതിട്ട: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി ഇന്ന്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിനു താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷതവഹിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ. ആശാ രാഘവാന്‍, ഡോ. സൈറ ഭാനു, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തു അഞ്ച് വയസിനു താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക.
സ്കൂളുകൾ, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്നു രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ മരുന്നു വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങൾ, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ 14 വരെ പ്രവർത്തിക്കും. രാത്രി എട്ടുവരെയാണ് അവയുടെ പ്രവർത്തനം. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും 14 വരെ പ്രവർത്തിക്കും.
ഇന്ന് ബൂത്തുകളില്‍ തുളളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിൽ 52901 കുട്ടികൾക്ക് വാക്സിൻ നൽകും
പത്തനംതിട്ട: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 52901 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് അഞ്ച് വയസിൽ താഴെയുള്ള 500 കുട്ടികളുമുണ്ട്. 948 പൾസ് പോളിയോ ബൂത്തുകൾ ജില്ലയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലായി 19 ബൂത്തുകളും ഉണ്ട്. നാല് മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. 1606 ബൂത്ത് വോളണ്ടിയർമാരും ഭവന സന്ദർശനത്തിനായി 3212 ആളുകളെയും നിയോഗിച്ചു.