മിനിമം വേതനനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയം: ഐഎന്‍ടിയുസി
1599285
Monday, October 13, 2025 3:44 AM IST
പത്തനംതിട്ട: കേരളത്തിലെ തൊഴില്‍ മേഖലകളില്‍ മിനിമം വേതന നിയമം ബാധകമായ 84 ഇനം സ്ഥാപനങ്ങളില്‍ കാലാകാലങ്ങളില്‍ കുറഞ്ഞ കൂലിക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാറുണ്ടെങ്കിലും അതു ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി വി. ജെ. ജോസഫ്.
തോട്ടം തൊഴിലാളി ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ 14 വ്യവസായങ്ങളില്‍ കുറഞ്ഞ കൂലി നടപ്പാക്കാതിരിക്കാന്‍ ഉടമ സംഘടനകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്. തൊഴിലാളി സമൂഹത്തിന് നീതി ലഭിക്കും വിധം കോടതികളില്‍ വാദമുഖങ്ങള്‍ നിരത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ അലംഭാവം കാണിക്കുകയാണെന്നും ജെ. ജോസഫ് കുറ്റപ്പെടുത്തി. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.
എ. കെ. മണി, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എ. ഷംസുദ്ദീൻ, വി. ആര്. പ്രതാപൻ, പി.ആര് അയ്യപ്പന്, സി. ആർ. നജീബ്, ജി. മുനിയാണ്ടി, രാജാ മാട്ടുക്കാരൻ, ഹരികുമാര്‍ പൂതങ്കര, പി. കെ. ഗോപി എന്നിവര്‍ പ്രസംഗിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ഉള്‍പ്പെടെയുള്ള 21 ഇന ആവശ്യങ്ങള്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കാന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.