ഫയര്‍ഫോഴ്സിനു പിടിപ്പതു പണി
1599283
Monday, October 13, 2025 3:44 AM IST
മൂന്നിടങ്ങളിലായി തിരക്കിട്ട ജോലികളാണ് ഇന്നലെ പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്കൂബാ ടീമിനു നിര്‍വഹിക്കാനുണ്ടായിരുന്നത്. കൈപ്പട്ടൂരില്‍ ബുധനാഴ്ച കാണാതായ പെണ്‍കുട്ടിക്കുവേണ്ടി മൂന്നുദിവസം തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ എന്‍ഡിആര്‍എഫ് സംഘത്തെയും പുറമേ നിന്നുള്ള മുങ്ങല്‍ വിദഗ്ധരെയും കൊണ്ടുവന്നെങ്കിലും ഫയര്‍ഫോഴ്സ് സംഘമാണ് കുടുങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടെടുത്തത്.
പിന്നാലെ താഴൂര്‍ക്കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹവും റാന്നിയില്‍ മുങ്ങിമരിച്ചയാളിന്റെ മൃതദേഹവും കണ്ടെടുത്തു. പ്രത്യേക പരിശീലനം നേടിയവരെ കൂടി ഉള്‍പ്പെടുത്തിയാണ് പത്തനംതിട്ടയിലെ സ്കൂബാ ടീം പ്രവര്‍ത്തിക്കുന്നത്. നദിയില്‍ ജലനിരപ്പ് കുറവാണെങ്കിലും അപകട സാധ്യത ഏറെയാണ്. കടവുകള്‍ ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍ വെള്ളത്തിലേക്ക് അകപ്പെട്ടാല്‍ താഴ്ന്നു പോകാനാണ് സാധ്യത.
കുറ്റിക്കാടുകളിലും മറ്റും കുടുങ്ങിയാല്‍ രക്ഷപ്പെടുത്തല്‍ ആയാസകരമാണ്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ. സാബു, ഫയര്‍ ഓഫീസര്‍മാരായ കെ. പ്രേംകുമാർ, സുജിത് നായര്‍, ഹരിക്കുട്ടന്, അജിലേഷ്, എസ്. അസിം, ഗാര്‍ഡ് ആർ. രാജേഷ് എന്നിവരുടെ നേതൃത്തിലാണ് ഇന്നലെ സ്കൂബാ ടീം പ്രവര്‍ത്തിച്ചത്.