മാക്ഫാസ്റ്റ് @25: രജതജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും 14ന്
1599036
Sunday, October 12, 2025 3:44 AM IST
പത്തനംതിട്ട: തിരുവല്ല മാർ അത്താനാസിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്) രജത ജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഹാളിൽ നടക്കും. സ്വാശ്രയ മേഖലയിൽ നിന്ന് സ്വയംഭരണ പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ കോളജാണ് മാക്ഫാസ്റ്റെന്ന് മാനേജർ ഫാ. ഈപ്പൻ പുത്തൻപറന്പിലും പ്രിൻസിപ്പൽ ഡോ.വർഗീസ് കെ. ചെറിയാനും പത്രസമ്മേളനത്തിൽ പറഞ്ഞു.
എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിക്കും. മുൻ മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, എംജി സർവകലാശാല സിൻഡിക്കറ്റംഗം റെജി സഖറിയ, സംസ്ഥാന ഹയർ എഡ്യുക്കേഷൻ കൗൺസിൽ ജനറൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുനിസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
എംബിഎ, എംസിഎ, എംഎസ്ഡബ്ല്യു, എംഎസ് സി വിഭാഗങ്ങളിലായി ആറ് ബിരുദാനന്തര ബിരുദ കോഴ്സുകളും നാല് ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്. വിദേശത്തു നിന്നടക്കമുള്ള വിദ്യാർഥികൾ ഗവേഷണവും നടത്തിവരുന്നു. 900 വിദ്യാർഥികൾ നിലവിൽ പഠിക്കുന്നു. നിരവധി പുരസ്കാരങ്ങളും റാങ്കുകളും ഇതിനോടകം കോളജ് കരസ്ഥമാക്കി.
കേരളത്തിലെ ആദ്യ സോളാർ പവർഡ് കാന്പസ്, ആദ്യ കാന്പസ് കമ്യൂണിറ്റി റേഡിയോ, കാർബൺ ന്യൂട്രൽ ഹരിത കാന്പസ് തുടങ്ങിയ സവിശേഷ നേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്. വിദ്യാർഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യവും പ്ലേസ്മെന്റ് സൗകര്യങ്ങളും കോളജിന്റെ പ്രത്യേകതയാണ്. പ്ലേസ്മെന്റ് മേഖലയിൽ മികച്ച പുരോഗതി കോളജിനു കൈവരിക്കാനായി.
രജതജൂബിലി കൺവീനർ ഡോ. സുദീപ് ബി. ചന്ദ്രമന, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി റ്റിജി തോമസ്, സ്മിത വിജയൻ, പ്രദീഷ് രാമചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.