മന്ത്രി വാസവന്റെ നിലപാട് അപഹാസ്യം: പുതുശേരി
1599289
Monday, October 13, 2025 3:44 AM IST
വെണ്ണിക്കുളം: ശബരിമലയില്‍ വന്‍ കൊള്ള നടക്കുകയും ഹൈക്കോടതി തന്നെ അതു കണ്ടെത്തി സ്ഥിരീകരിക്കുകയും ചെയ്തിട്ടും എഫ്ഐആർ. ഇല്ലാത്തതുകൊണ്ട് താന്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ പ്രസ്താവന വിചിത്രവും അപഹാസ്യവുമാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. കേരള കോണ്‍ഗ്രസ് പുറമറ്റം മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ ഭദ്രമായ സൂക്ഷിപ്പുകാരും ജാഗ്രതയുള്ള നടത്തിപ്പുകാരുമാകേണ്ട ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും അമ്പരപ്പിക്കുന്ന കൊള്ള നടന്നിട്ട് അത് തടയാനോ ഉത്തരവാദികളായവരുടെ മേല്‍ നടപടിയെടുക്കാനോ തുനിയാതെ അവരെ സംരക്ഷിക്കാനും വീണ്ടും കൊള്ളക്ക് വഴിയൊരുക്കാനുമാണ് ശ്രമിച്ചതെന്ന് പുതുശേരി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കച്ചിറക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജോണ്സണ് കുര്യന്, ഷാജന് മാത്യു, അഡ്വ. സൈമണ്‍ ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ. വര്‍ഗീസ്, ജോര്‍ജ് ഈപ്പന് കല്ലാക്കുന്നേൽ, ജോര്‍ജ് വര്‍ഗീസ് തുണ്ടിയിൽ, വിനോദ് കളക്കുടി, സന്തോഷ് കരിമാലത്ത്, മാത്യു വല്ലത്ത്, ഫിലിപ്പ് സാബു, ജോസഫ് തോണ്ടക്കരോട്ട്, ഷാജി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.