മഞ്ഞനിക്കര ദയറായിൽ അഖണ്ഡ പ്രാർഥന
1599039
Sunday, October 12, 2025 3:44 AM IST
മഞ്ഞിനിക്കര: സ്വന്ത ഇഷ്ടങ്ങളേക്കാൾ കൂടുതലായി മറ്റുള്ളവരുടെ ഇഷ്ടത്തിനായി ജീവിതം സമർപ്പിച്ച് ത്യാഗോജ്വലമായ ജീവിതം നയിച്ചയാളാണ് മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയെന്ന് തുന്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ എലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കൽ വാർഷിക അഖണ്ഡ പ്രാർഥന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദയറ അധിപൻ ഗീവർഗീസ് അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ, പി. ഇ. മാത്യൂസ് റമ്പാൻ, ബേസിൽ റമ്പാൻ, ബർസൗമോ റമ്പാൻ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. എബി സ്റ്റീഫൻ, ഫാ. അൾജോ വർഗീസ്, ഫാ. അഖിൽ മഞ്ഞിനിക്കര, ഫാ. നിമിഷ് ഏബ്രഹാം നേതൃത്വം നൽകി.
ഫാ. സോബിൻ ഏലിയാസ്, ഫാ. ബേസിൽ മഴുവന്നൂർ, ഫാ. റെജി മാത്യു എന്നിവർ ധ്യാനപ്രസംഗം നടത്തി. രാവിലെ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ഇന്നു പുലർച്ചെ മൂന്നിന് കുരിശിങ്കലേക്ക് പ്രദക്ഷിണം. പുലർച്ചെ അഞ്ചിന് കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കബറിങ്കൽ ധൂപപ്രാർഥന, നേർച്ച ഇവയോടെ സമാപിക്കും.
പാത്രിയർക്കീസ് ബാവയുടെ പ്രതിമാസ പെരുന്നാളിനോടനുബന്ധിച്ച് നാളെ രാവിലെ എട്ടിന് ദയറാ കത്തീഡ്രലിൽ കുർബാന ഉണ്ടാകും.