സുബല പാര്ക്കിന് കൈകൊടുത്ത് പത്തനംതിട്ട നഗരസഭ
1599291
Monday, October 13, 2025 4:00 AM IST
80 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ സ്വപ്ന പദ്ധതിയായ സുബല പാര്‍ക്ക് നിര്‍മാണത്തില്‍ നഗരസഭയുടെ ഇടപെടല്‍. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത സുബല പാര്‍ക്കില്‍ ഇതാദ്യമായാണ് പത്തനംതിട്ട നഗരസഭ പങ്കാളിയാകുന്നത്.
പട്ടികജാതി വികസന വകുപ്പിന്റെ ചുമതലയില്‍ 1995 - 96 ല്‍ തുടക്കമിട്ട പദ്ധതിയാണിത്. ടൂറിസം വകുപ്പിന്റേതടക്കം ഇടപെടലുകളുണ്ടായെങ്കിലും പദ്ധതി പൂര്‍ണമായില്ല. 80 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസം നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തത്.
പാര്‍ക്കിലെ തടാകത്തിനു ചുറ്റും ഭാഗികമായി നിര്‍മിച്ച ചുറ്റുമതില്‍ പൂര്‍ത്തിയാക്കുക, തടാകത്തിനു ചുറ്റും ടൈല്‍ വിരിച്ച് നടപ്പാത നിര്‍മിക്കുക എന്നിവയാണ് നഗരസഭ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങൾ. അമൃത 2.ഒ പദ്ധതി പ്രകാരമാണ് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്.
തൊഴില്‍ പരിശീലനം, ടൂറിസം വികസനം, സാംസ്കാരിക വേദി തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സുബല പാര്‍ക്ക് പദ്ധതി തയാറാക്കിയത്. വര്‍ഷങ്ങള്‍ക്കുശേഷം കണ്വന്ഷന് സെന്റര്‍ അടക്കം പണിതുവെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നു നല്‍കാനായില്ല.
സാങ്കേതിക തടസങ്ങള്‍ മാറിക്കിട്ടി
ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സുബല പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ അമൃത് പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് അനുമതി നേടിയെങ്കിലും നിര്‍വഹണം നഗരസഭയെ ഏല്പിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടായി.
എന്നാല്‍ പദ്ധതിയില്‍ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും, ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാന്‍ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ ചെയര്മാന് പട്ടികജാതി വികസന മന്ത്രിക്ക് 2023 ല്‍ കത്ത് നല്കി.
തുടര്‍ന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ നിലവിലെ നിര്‍വഹണ ഏജന്‍സിയായ ജില്ലാ നിര്‍മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി. എന്നാല്‍ ജില്ലാ നിര്‍മിതികേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവൃത്തികളുടെ തുക അധികരിച്ചതിനാല്‍ പദ്ധതി ഏറ്റെടുക്കാന്‍ ആവില്ലെന്ന് നിര്‍മിതി കേന്ദ്രം അറിയിച്ചു.
ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി നിര്‍വഹണം ഏറ്റെടുക്കാന്‍ നഗരസഭ തയാറാണെന്ന് പട്ടികജാതി വികസന വകുപ്പിനെ അറിക്കുകയായിരുന്നു. 2024 ജൂലൈ 22 ന് നഗരസഭയ്ക്ക് വകുപ്പിന്റെ നിര്‍വഹണ അനുമതി ലഭിച്ചു. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ നഗരസഭ പൂര്‍ത്തിയാക്കിയിരുന്നു.
ബോട്ടിംഗ് സൗകര്യമൊരുക്കും
സുബല പാര്‍ക്കിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭാ കൗണ്‍സിലിന് ഇടം നല്കാന് കഴിഞ്ഞുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജനങ്ങള്‍ക്ക് വ്യായാമത്തിനും വിശ്രമത്തിനും ഉള്ള സാമൂഹിക ഇടമാക്കി പാര്‍ക്കിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.
നിലവില്‍ നിര്‍മാണം നടത്തിയിട്ടുള്ള കുളത്തിനു ചുറ്റും നടപ്പാത നിര്‍മിക്കുന്നതോടെ അടുത്ത ഘട്ടമായി ബോട്ടിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കാന്‍ കഴിയും. ഇതോടെ സഞ്ചാരികളെ ആകര്‍ഷിക്കാനും വിശ്രമകേന്ദ്രമാക്കി മാറ്റാനും കഴിയും.
ജില്ലയുടെ പ്രതീക്ഷയായ ഒരു പദ്ധതിയില്‍ വലിയ പങ്കാളിയാകാന്‍ കഴിഞ്ഞുവെന്നതില്‍ നഗരസഭാ ഭരണസമിതിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുബല പാര്‍ക്കിലെ തടാകത്തിന് ചുറ്റും ഭാഗികമായി നിര്‍മിച്ച ചുറ്റുമതില്‍ പൂര്‍ത്തിയാക്കുക, തടാകത്തിനു ചുറ്റും ടൈല്‍ വിരിച്ച് നടപ്പാത നിര്‍മിക്കുക എന്നീ പ്രവര്‍ത്തനങ്ങൾക്കായി 80 ലക്ഷം രൂപയാണ് അമൃത് 2.ഒ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.
നിലവില്‍ പൊതു ഇടപെടലുകള്‍ കാര്യമായി നടക്കാത്ത പാര്‍ക്കില്‍ നടപ്പാതപൂര്ത്തിയാകുന്നതോടെ പ്രഭാത - സായാഹ്ന നടത്തത്തിന് സാഹചര്യമൊരുങ്ങും. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന സാമൂഹ്യ ഇടമായി പാര്‍ക്ക് മാറുന്നതോടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേദിയാകുമെന്നും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് ചെയര്മാന് പറഞ്ഞു.
സുബല പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. കെ. അര്ജുനന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ. അനീഷ്, കൗണ്‍സിലര്‍മാരായ ശോഭ കെ. മാത്യു,
എ. സുരേഷ് കുമാർ, വിമല ശിവന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, പൊതുപ്രവര്‍ത്തകരായ പി. കെ. ജേക്കബ്, എം.എച്ച്. ഷാജി, മാത്തൂര്‍ സുരേഷ്, ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര, സത്യന് കണ്ണങ്കര, പി.വി. അശോക് കുമാർ, സിഡിഎസ് അംഗം കൊച്ചുമോള് ജോസ്, അമൃത് കോഓഡിനേറ്റര്‍ ആദര്‍ശ്, ജില്ലാ പട്ടികജാതി ഓഫീസ് സൂപ്രണ്ട് ഫിലിപ്പ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.