അമ്മയ്ക്കും സഹോദരനും നേരേ തോക്ക് ചൂണ്ടി ഭീഷണി; മകൻ അറസ്റ്റിൽ
1599552
Tuesday, October 14, 2025 2:24 AM IST
അടൂർ: വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ മകൻ അറസ്റ്റിൽ.
അടൂർ ആനയടി ചെറുകുന്നം ലിസി ഭവനത്തിൽ ജോറി വർഗീസ് (കൊച്ചുമോൻ-46) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും ഒരു എയർഗണ്ണും പിടികൂടി.
തോക്കിന് ലൈസൻസില്ലെന്നാണ് പോലീസ് പറയുന്നത്. ജോറി വർഗീസിന്റെ അമ്മ ലിസി (65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകനാണ് ജോറി വർഗീസ്.
ഒക്ടോബർ 12നു പുലർച്ചെയാണ് സംഭവം. ഇടുക്കിയിൽ താമസിക്കുന്ന ജോറി വർഗീസ് ചെറുകുന്നത്തെ വീട്ടിൽ എത്തി ഇളയ സഹോദരൻ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഇതോടെ ഐറിൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് അമ്മ ലിസിക്കു നേരെയും തോക്കു ചൂണ്ടി. വീടും സ്ഥലവും ഇപ്പോൾ എഴുതി തരണമെന്നായിരുന്നു ജോറി വർഗീസിന്റെ ആവശ്യമെന്ന് ലിസി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.