വിഷൻ 2031: ആരോഗ്യ സെമിനാര്‍ ഇന്ന് തിരുവല്ലയില്‍
1599538
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വിഷൻ 2031ന്റെ ഭാഗമായ ആരോഗ്യ സെമിനാർ ഇന്ന് തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നടക്കും. നയരേഖ മന്ത്രി വീണാ ജോർജ് അവതരിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ വിശദീകരിക്കും.
മാത്യു ടി. തോമസ് എംഎൽഎ ആമുഖ സന്ദേശം നൽകും. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകള്‍ നാല് വേദികളിലായി അരങ്ങേറും. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുകളായും പാനലിസ്റ്റുകളായും പങ്കെടുക്കും.
കാന്‍സർ, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശനും ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പ്രമേഹം, രക്തസമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ, സിഒപിഡി വിഷയങ്ങളില്‍ അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജയ്ദീപ് സി. മേനോനും മോഡറേറ്ററാകും. മെഡിക്കല്‍ ഗവേഷണം, ടെറിഷ്യറി കെയര്‍ ശക്തീകരണം വിഷയങ്ങളില്‍ ജവഹര്‍ലാര്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രഫ. ചന്ദ്രഭാസ് നാരായണ, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി. കെ. ജമീല, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാർ, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആൻഡ് കണ്ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്, സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി എന്നിവയില്‍ ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ എന്നിവര്‍ മോഡറേറ്ററാകും.
എമര്‍ജന്‍സി ആൻഡ് കെയര്‍, ദുരന്ത നിവാരണം വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബാ ജോര്‍ജ്, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, തീരദേശ മേഖലയിലെയും ഗോത്ര വിഭാഗങ്ങളുടെയും ആരോഗ്യം വിഷയങ്ങളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. ഇന്ദു, മരുന്ന് ഗവേഷണം, ഉത്പാദനം ചികിത്സയുടെ ഭാവി വിഷയങ്ങളില്‍ അസി. ഡ്രഗ്സ് കണ്ട്രോളര് ഡോ. ഷാജി എം. വര്‍ഗീസ് എന്നീ ഭക്ഷ്യ സുരക്ഷയില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി എന്നിവര്‍ മോഡറേറ്ററാകും. ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടൻ,ആരോഗ്യ വിദഗ്ധ ഡോ. ദേവകി നമ്പ്യാര്‍ എന്നിവരും പങ്കെടുക്കും.
3.30 മുതല്‍ ചര്‍ച്ചയുടെ ആശയ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ആരോഗ്യ മേഖലയിലെ ഭാവി പദ്ധതികളുടെ ആസൂത്രണത്തിന് സഹായിക്കും.