ഭിന്നശേഷി വിഷയത്തിൽ സർക്കാർ നിലപാട് അഭിനന്ദനാർഹം: കെസിസി
1599542
Tuesday, October 14, 2025 2:24 AM IST
തിരുവല്ല: ഭിന്നശേഷി നിയമന വിഷയത്തിൽ പ്രശ്നം പരിഹരിക്കുവാൻ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടിനെ കേരള കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു.
ആയിരക്കണക്കിന് അധ്യാപകരെ ദുരിതത്തിലാക്കിയിരുന്ന ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പരിഹാരം കാണണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് അനുകൂലമായി നടപടിയെടുത്ത സർക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്നും ഇതു സംബന്ധിച്ച് കെസിസി വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതിനേ തുടർന്ന് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതു പ്രകാരം എൻഎസ്എസ് മാനേജ്മെന്റുകൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ നിന്ന് നൽകിയ വിധി മറ്റ് മാനേജ്മെന്റുകളുടെ നിയമനങ്ങളുടെ കാര്യത്തിലും പരിഗണിക്കും എന്ന് നൽകിയ ഉറപ്പ് പാലിക്കുവാൻ മുൻകൈയെടുത്ത വിദ്യാഭ്യാസ മന്ത്രിയുടെ സമീപനം വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങളിലും ക്രിയാത്മകമായ നടപടികൾ സർക്കാരിൽ നിന്നു ഉണ്ടാകുമെന്ന് പ്രതീക്ഷ നൽകുന്നതായി കെസിസി പ്രസിഡന്റ്അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.