അധ്യക്ഷയും ഉപാധ്യക്ഷനും വന്നില്ല, തിരുവല്ലയിൽ കൗൺസിൽ യോഗം ചേർന്നില്ല
1599829
Wednesday, October 15, 2025 3:36 AM IST
തിരുവല്ല: നഗരസഭയിൽ ഓഡിറ്റുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള കൗൺസിൽ യോഗത്തിന് ചെയർപേഴ്സണും വൈസ് ചെയർമാനും എത്താതിരുന്നത് വിവാദമായി. ഇന്നലെ വിളിച്ച കൗൺസിൽ അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്തു. വിവരം കൗൺസിലന്മാരെ അറിയിക്കുകയും ചെയ്തില്ല.
ഇതൊന്നും അറിയാതെ പങ്കെടുത്ത കൗൺസിലർമാർ പ്രതിഷേധിച്ചു. യുഡിഎഫ് ചെയർപേഴ്സനും എൽഡിഎഫ് വൈസ് ചെയർമാനും ഭരിക്കുന്ന നഗരസഭയിൽ ഭരണ സ്തംഭനമാണ് നിലനിൽക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ പോലും കൗൺസിലിൽ ചർച്ച ചെയ്യാനാകുന്നില്ല. കൗൺസിൽ യോഗങ്ങളും വിളിച്ചു ചേർക്കാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങളും തടസപ്പെടുന്നുണ്ട്. രാമപുരം മാർക്കറ്റ്, ടൗൺ ഹാൾ, ശബരിമല ഇടത്താവളം, ആധുനിക അറവുശാല, തിരുവല്ല പബ്ലിക് സ്റ്റേഡിയം, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാലിന്യ സംസ്കരണം,റോഡുകൾ, വഴിവിളക്കുകൾ, ഷീ ലോഡ്ജ്,
ടേക്ക് എ ബ്രേക്ക്ബ്രേക്ക്, കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികൾ തുടങ്ങി ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടിരിക്കുകയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, ജി. വിമൽ, പൂജാ ജയൻ എന്നിവർ പറഞ്ഞു.